പരിഷ്‌കാരങ്ങള്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍: അനൂപ് ജേക്കബ്‌

Posted on: September 1, 2015 12:16 pm | Last updated: September 1, 2015 at 12:16 pm

താമരശ്ശേരി: പൊതുവിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. പുതുതായി അനുവദിച്ച താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിപണി വിലയെ നിയന്ത്രിച്ചു നിര്‍ത്തുന്നത് ശക്തമായ പൊതു വിതരണ സംവിധാനമാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിലക്കയറ്റമില്ലാത്ത ഓണമാണ് ഈ വര്‍ഷം കഴിഞ്ഞുപോയത്. ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞതാണ് ഇതിന്റെ കാരണം.
സംസ്ഥാനത്ത് പച്ചക്കറികളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ എന്നിവക്കെതിരെ ഉപഭോക്താക്കളില്‍ കൂടുതല്‍ ബോധവത്കരണം നടത്തി നല്ലൊരു ഭക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ഉപഭോക്തൃ കാര്യ വകുപ്പിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എഫ് സി ഐ മുതല്‍ റേഷന്‍ കടകള്‍ വരെ കമ്പ്യൂട്ടര്‍ വത്കരിക്കുന്നതോടെ മറിച്ചു വില്‍പ്പന ഉള്‍പ്പെടെയുള്ള പരാതികള്‍ക്ക് പരിഹാരമാകും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുക വഴി ഭക്ഷ്യധാന്യങ്ങള്‍ ഓരോരുത്തരുടെയും അവകാശമായി മാറുകയാണ്. മന്ത്രി അനൂപ് ജക്കബ് പറഞ്ഞു. വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.