വനിതാ കോളജിന് ബോയ്‌സ് സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയും

Posted on: September 1, 2015 12:03 pm | Last updated: September 1, 2015 at 12:03 pm

മലപ്പുറം: മലപ്പുറത്ത് പുതുതായി അനുവദിച്ച ഗവണ്‍മെന്റ് വനിതാ കോളജിനായി കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പുതുക്കി പണിയാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
സ്‌കൂളിന്റെ പിന്നില്‍ ഉപയോഗിക്കാതെ കിടക്കുന്ന അഞ്ച് ക്ലാസ് മുറികളുള്ള പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി കോളജിന് കൈമാറാനാണ് തീരുമാനം. ഇതിന് 4.9 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കോളജിനായി സര്‍ക്കാര്‍ പാണക്കാട് എജ്യു സിറ്റിയില്‍ ഇന്‍കെലിന്റെ അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ കോളജ് നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. അടുത്ത അധ്യയന വര്‍ഷം തന്നെ പുതുക്കിയ കെട്ടിടത്തില്‍ ക്ലാസ് തുടങ്ങാനാണ് ശ്രമം.
കോട്ടപ്പടിയിലെ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയം കോളജിനായി വിട്ടുകൊടുക്കാന്‍ നേരത്തേ ആലോചിച്ചിരുന്നു. എന്നാല്‍ ഇവിടെ സൗകര്യം കുറവായതിനാല്‍ വേണ്ടെന്നു വച്ചു. തുടര്‍ന്നാണ് ബോയ്‌സ് സ്‌കൂള്‍ കെട്ടിടം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ കോളജിനുള്ള കെട്ടിടം നിര്‍മാണത്തിന് സര്‍ക്കാരില്‍ നിന്ന് കൂടി സഹായം ലഭ്യമാക്കാന്‍ നഗരസഭ ശ്രമിക്കണമെന്ന് പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതിയെ തുടര്‍ന്ന് പട്ടിപിടിത്തം കൂടുതല്‍ വിപുലമാക്കാന്‍ യോഗം തീരുമാനിച്ചു.
നിലവില്‍ പട്ടിപിടിത്തക്കാരുടെ സേവനം നഗരസഭക്ക് ലഭ്യമാകുന്നുണ്ട്. വൈഫൈ പദ്ധതി സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാനും തീരുമാനമായി. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പരി അബ്ദുല്‍ മജീദ്, എന്‍ കെ അബ്ദുല്‍മജീദ് പങ്കെടുത്തു.