Connect with us

Kerala

അക്രമങ്ങള്‍ ആസൂത്രിതം: പോലീസ് ഉന്നതതല യോഗം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് തലപ്പത്തെ ഉന്നതര്‍ പങ്കെടുത്തു. കണ്ണൂരിലും കാസര്‍കോടുമുണ്ടായ അക്രമങ്ങള്‍ ആസൂത്രിതമെന്ന് യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമങ്ങളില്‍ നിന്ന് ബി ജെ പി, സി പി എം പ്രവര്‍ത്തകര്‍ പിന്മാറണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരം ആക്രമങ്ങള്‍ ഭൂഷണമാണോയെന്ന് അവര്‍ സ്വയം വിലയിരുത്തണം. വളരെ സമാധാനത്തോടെയാണ് ഇത്തവണത്തെ ഓണക്കാലം മുന്നോട്ടുപോയത്. സാധാരണയുണ്ടാകാറുള്ള വ്യജമദ്യത്തിന്റെയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ ഉണ്ടായില്ല. എന്നാല്‍ സമാധാനം തകര്‍ക്കാന്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ ഗൂഢാലോചന നടത്തി. ഇതിന്റെ ഫലമാണ് ഓണത്തലേന്നുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. യാതൊരു പ്രകോപനവുമില്ലാതെ സ്ത്രീകളും കുട്ടികളും പോലും ആക്രമണങ്ങള്‍ക്ക് ഇരയായി. ഇത്തരം ആക്രമണങ്ങളെ എന്ത് വിലകൊടുത്തും സര്‍ക്കാര്‍ നേരിടും.
നിയമം കൈയിലെടുത്ത് തെരുവില്‍ അഴിഞ്ഞാടാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. അത് അനുവദിക്കാനാകില്ല. അക്രമങ്ങളെ ശക്തമായി തന്നെ അടിച്ചമര്‍ത്തും. ഇതിന് ആവശ്യമായ പോലീസ് സേന, വാഹനങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ സംവിധാനിച്ചിട്ടുണ്ട്. അക്രമം തടയുന്നതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ല. മനഃപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ഇത്തരം അക്രമങ്ങള്‍ കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ നടന്ന അടിയന്തര ഉന്നതതല യോഗത്തില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നേറ്റോ, ഡി ജി പി. ടി പി സെന്‍കുമാര്‍, ഇന്റലിജന്‍സ് എ ഡി ജി പി ഹേമചന്ദ്രന്‍, എ ഡി ജി പി അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍കുമാര്‍ സിന്‍ഹ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest