തദ്ദേശ തിരഞ്ഞെടുപ്പ്: ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted on: August 24, 2015 9:15 pm | Last updated: August 25, 2015 at 7:22 pm
SHARE

05tvkzcomtrust_jpg_113829f
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. കോടതി ശരിവെച്ച 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണവും അംഗീകരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍ക്കാറും അതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും നിലപാടെടുത്തതോടെ ചര്‍ച്ച വഴിമുട്ടി. കോടതിവഴി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താമെന്ന ധാരണയില്‍ ചര്‍ച്ച അവസാനിപ്പിച്ചു. അടുത്ത മാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. കോടതി സ്വീകരിക്കുന്ന നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞത്. സെപ്തംബര്‍ മൂന്ന് വരെ കാത്തിരിക്കാമെന്നും അതിനപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിനെ അറിയിച്ചു.
28 മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ എന്തുവേണമെന്ന കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് തീരുമാനമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. മുനിസിപ്പാലിറ്റികളായി ഉയര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങളെ വീണ്ടും പഞ്ചായത്താക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരിച്ചതും 28 പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയാക്കിയതും ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ശരിവെച്ചതാണെന്നും അതിനാല്‍ ഈ നിലയില്‍ തന്നെ അവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് നേരത്തെ തന്നെ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരുന്നു. പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുന്ന പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി തിരികെ അവയെ പഞ്ചായത്തുകളാക്കി താഴ്ത്തുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുന്നതിന് വരെ തടസ്സം നേരിടുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയ മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ എന്ത് വേണമെന്ന് കമ്മീഷന് തീരുമാനിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. സമയബന്ധിതമായും നിയമപരമായും തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ 2010ലെ പുനര്‍വിഭജനം അടിസ്ഥാനമാക്കുകയേ നിര്‍വാഹമുള്ളൂ. കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ രൂപവത്കരിച്ച മുനിസിപ്പാലിറ്റികളാണെങ്കിലും അവിടെ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ അതിന് അനുസൃതമായി ബ്ലോക്ക് പഞ്ചായത്തുകള്‍ പുനര്‍വിഭജിക്കേണ്ടതുണ്ട്. ഇത് ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനൊപ്പം നടപടികള്‍ നീണ്ടുപോകും. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സം നേരിടും. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് ഇത് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസമെങ്കിലും സമയമെടുക്കും. അങ്ങനെ വന്നാല്‍ തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീങ്ങുമെന്നും കമ്മീഷന്‍ സര്‍ക്കാറിനെ അറിയിച്ചു.
സിംഗിള്‍ ബഞ്ച് വിധി വന്നതിന് ശേഷം സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ തന്നെ കമ്മീഷന്‍ 2010 അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ഡിവിഷന്‍ ബഞ്ചിലെ അപ്പീലില്‍ തീര്‍പ്പാകും വരെ കാത്തിരിക്കണമെന്നാണ് അന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വീണ്ടും തര്‍ക്കം വന്നതോടെ അടുത്ത മാസം മൂന്ന് വരെ കാത്തിരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചാല്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് കമ്മീഷനുള്ളത്. എന്നാല്‍, അന്തിമ തീരുമാനത്തിന് അടുത്ത മാസം മൂന്നിനപ്പുറം കാത്തിരിക്കാനാകില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പുതിയ 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ നഗരസഭയിലും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ദിവസങ്ങള്‍ക്കു മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. വാര്‍ഡ് പുനര്‍നിര്‍ണയ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. പുതുതായി 69 പഞ്ചായത്തുകളും 32 മുനിസിപ്പാലിറ്റികളുമാണുണ്ടാക്കിയത്. ഇതില്‍ പഞ്ചായത്ത് രൂപവത്കരണം സിംഗിള്‍ ജഡ്ജി റദ്ദാക്കി. 32 മുനിസിലിപ്പാലിറ്റികളില്‍ കോര്‍പറേഷന്‍ ഭാഗങ്ങള്‍ ചേര്‍ത്തു നാലെണ്ണം രൂപവത്കരിച്ചതും റദ്ദാക്കിയിരുന്നു. ശേഷിക്കുന്ന 28 മുനിസിപ്പാലിറ്റികള്‍ അംഗീകരിച്ചതിന്റെ വാര്‍ഡ് പുനര്‍നിര്‍ണയം അനിവാര്യമാണ്.