ഇസില്‍ നേതൃനിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടതായി യു എസ്

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:16 am
SHARE

fadhil-ahmad-al-hayaliബഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇസില്‍ തീവ്രവാദ സംഘത്തിന്റെ നേതൃനിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാഹനത്തില്‍ സഞ്ചരിക്കവെ മൊസൂള്‍ നഗരത്തിന് സമീപം വെച്ച് അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസിലിന്റെ രണ്ടാമത്തെ കമാന്‍ഡ് ഹാജി മുംതാസ് എന്നറിയപ്പെടുന്ന ഫാദില്‍ അഹ്മദ് അല്‍ഹയാലി കൊല്ലപ്പെട്ടതെന്നും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇസിലിന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന അബു അബ്ദുല്ല എന്നയാളും കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇറാഖിനും സിറിയക്കുമിടയില്‍ ആളുകള്‍ക്ക് പുറമെ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും കടത്തുന്നതില്‍ സുപ്രധാന ഏകോപനം നിര്‍വഹിച്ചിരുന്നത് ഹയാലിയായിരുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഇറാഖിലെ ഇസിലിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഹയാലി കഴിഞ്ഞ വര്‍ഷം ജൂണില്‍ മൊസൂളിന് നേരെയുണ്ടായ ആക്രമണത്തിന് പദ്ധതി തയ്യാറാക്കി സഹായിച്ചിരുന്നു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് സൈന്യത്തില്‍ സെക്കന്‍ഡ് കമാന്‍ഡറായിരുന്ന ഹയാലി പിന്നീട് ഇസില്‍ നേത്യത്വ നിരയിലെത്തിച്ചേരുകയായിരുന്നു.