Connect with us

Articles

കുട്ടികളുടെ അപകടങ്ങള്‍ ഒഴിവാക്കാം

Published

|

Last Updated

കളികളുടെയും അന്വേഷണങ്ങളുടെയും പ്രായമാണ് കുട്ടിക്കാലം. പുതിയ കാര്യങ്ങള്‍ വീക്ഷിക്കാനും പരീക്ഷിക്കാനും കുട്ടികള്‍ ഉത്സുകരായിരിക്കും. പക്ഷെ അതിനിടയില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് അവര്‍ തികച്ചും അജ്ഞരാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലവും കുട്ടികളുടെ വിവരമില്ലായ്മ കൊണ്ടും അപകടങ്ങള്‍ കുട്ടികള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നത് വാര്‍ത്തകളില്‍ നിന്നും നാം വായിച്ച് കൊണ്ടിരിക്കുന്നു. ബക്കറ്റില്‍ നിറച്ച് വെച്ച വെളളത്തില്‍ വീണ് കുഞ്ഞ് മരിച്ചതും ഷോപ്പിംഗിന്റെ സൗകര്യത്തിന് കാറിന്റെ എ.സി. വര്‍ക്ക് ചെയ്യിപ്പിച്ച് കുഞ്ഞിനെ കാറിനകത്താക്കി പൂട്ടി പുറത്ത് പോയ ശേഷം അപകടത്തില്‍പെട്ടതും പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ചതും അപകടങ്ങളുടെ വാര്‍ത്തകളാണ്.
അപകടങ്ങളിലകപ്പെടാന്‍ സാധ്യതയുളള മേഖലകളെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവന്മാരാവണം. പക്വത പ്രാപിക്കാത്ത പിഞ്ചു ബാല്യങ്ങള്‍ സ്വയം നിയന്ത്രിതമായി ജീവിക്കുന്നതിന് പരിമിതിയുണ്ട്. അപകടങ്ങളില്‍ അകപ്പെടാതെ സംരക്ഷിക്കാന്‍ അല്‍പം ശ്രദ്ധ കുട്ടികളുടെ ഭാഗത്തേക്ക് ഉണ്ടാവുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കുമ്പോള്‍ പെട്ടെന്ന് പൊട്ടുന്നതോ ചെറിയ വസ്തുക്കളൊ നല്‍കരുത്. കളിപ്പാട്ട ഭാഗങ്ങളൊ ചെറിയ വസ്തുക്കളോ കുട്ടികള്‍ മൂക്കില്‍ കയറ്റി വയ്ക്കുകയോ വിഴുങ്ങുകയോ ചെയ്‌തേക്കാം. കടല, പരിപ്പ്, ചിപ്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണ സാധനങ്ങളും കുട്ടികളുടെ തൊണ്ടയിലോ മൂക്കിലോ കുരുങ്ങാറുണ്ട്. അത്തരം സാധനങ്ങള്‍ സ്വതന്ത്രമായി നല്‍കരുത്. മൂക്കിലോ തൊണ്ടയിലോ കുരുങ്ങിയാല്‍ ശ്വാസനാളിയെ ബ്ലോക്ക് ചെയ്ത് ശ്വസനത്തെ തടസ്സപ്പെടുത്തുന്നു. വീട്ടില്‍ വെച്ച് മൂക്കില്‍ അന്യവസ്തുക്കള്‍ കുരുങ്ങിയാല്‍ പുറത്തെടുക്കാന്‍ ശ്രമിക്കരുത്. വസ്തു കൂടുതല്‍ ഉളളിലേക്ക് കടന്നു പോയേക്കാം. എത്രയും പെട്ടെന്ന് തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയും ഇ.എന്‍.ടി ഡോക്ടറെ കാണുന്നതുമാണ് ഉചിതം.വീട്ടുകാരില്‍ പലരും രോഗികളുണ്ടാകും. അവര്‍ക്കുളള മരുന്നുകള്‍ കുട്ടികള്‍ക്ക് കൈ എത്തും ദൂരത്ത് വെക്കരുത്. അതവര്‍ എടുത്തു കുടിച്ചേയ്ക്കും. മണ്ണെണ്ണ, ആസിഡ്, കീടനാശിനി, വിഷക്കായ് തുടങ്ങിയവ മൂലമുള്ള അപകടം ഏറെയാണ്. ഇവ അലക്ഷ്യമായി വെക്കുന്നതു മൂലം കുട്ടികള്‍ എടുത്തു ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ച് വെക്കാന്‍ പ്രത്യേകം സ്ഥലം നിര്‍ണ്ണയിക്കണം. കുട്ടികളുടെ മരുന്ന് കുപ്പിയില്‍ വിഷ വസ്തുക്കള്‍ ശേഖരിച്ച് വെക്കരുത്.
കത്തി, ബ്ലെയ്ഡ് തുടങ്ങിയ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ കുട്ടികള്‍ക്ക് എടുക്കാന്‍ പറ്റാത്ത സ്ഥലത്താവണം വെക്കേണ്ടത്. പലപ്പോഴും വീട്ടില്‍ മേശ ചുമരിന് അടുത്തേക്ക് വെക്കും. കുട്ടികളെ അതിന് മുകളില്‍ വെക്കുകയും ചെയ്യും. ചെറിയ കമ്പിയോ ആണിയോ ഉണ്ടെങ്കില്‍ അതിനടുത്തുള്ള പ്ലഗ്ഗില്‍ കുത്താനും ഷോക്കേല്‍ക്കാന്‍ ഇടയാവാറുണ്ട്. വിരല് പ്ലഗ്ഗിലിടാനും സാധ്യതയണ്ട്. പ്ലഗ്ഗില്‍ നിന്നും അല്‍പം മാറ്റി വെക്കുന്നത് നല്ലതാണ്. ഇസ്തിരി ഉപയോഗിക്കുമ്പോഴും ഗ്യാസ് പ്രവര്‍ത്തിപ്പിക്കുമ്പോഴും മറ്റും കുട്ടികളെ എടുത്ത് കൊണ്ട് സ്ത്രീകള്‍ ജോലി ചെയ്യാറുണ്ട്. ഇത് അപകടം വിളിച്ച് വരുത്തുമെന്നറിയുക.
കുട്ടിയെ എടുത്ത് അടുപ്പത്ത് ചൂടായി കൊണ്ടിരിക്കുന്ന വെളിച്ചെണ്ണയിലേക്ക് കടുക് ഇടുമ്പോള്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ കണ്ണിലും ശരീരത്തിലേക്കും തെറിക്കാന്‍ ഇടവരും. പൊള്ളലേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. അടുക്കളയിലും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നിതിലും കരുതല്‍ വേണം. കിണറിന്റെ ആള്‍മാറയില്‍ കുഞ്ഞിനെ വെച്ച് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ കുട്ടി കിണറ്റില്‍ വീണു മരിച്ച വാര്‍ത്ത പത്രത്തില്‍ വന്നതാണ്. ചെറിയൊരു അശ്രദ്ധ മതി അപകടങ്ങള്‍ സംഭവിക്കാന്‍.
യാത്രയില്‍ അപകടം നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഡോറിനടുത്ത് കുട്ടിയെ ഇരുത്തുകയും മുതിര്‍ന്നവര്‍ അറിയാതെ ഡോര്‍ തുറക്കുകയും ചെയ്ത് അപകടത്തില്‍പ്പെടുന്നു. വീട്ടിലെ പോര്‍ച്ചില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ രണ്ട് വയസ്സുകാരന്‍ പിന്നില്‍ നില്‍ക്കുന്നത് കണ്ണാടിയിലൂടെ കാണാതിരിക്കുകയും ചെയ്തത് കാരണം കുട്ടിയുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.റോഡിന്റെ ഇരുവശവും നോക്കാതെ മുറിച്ച് കടന്ന് കുട്ടികള്‍ വാഹനപകടത്തില്‍പ്പെടുന്നു. മഴക്കാലത്തും വേനല്‍ക്കാലത്തുമാണ് കുട്ടികള്‍ കുളത്തില്‍ വീണു അപകടം കൂടുതല്‍ സംഭവിക്കുന്നത്. വീട്ടുമുറ്റത്തെ കുളങ്ങള്‍, കിണറുകള്‍, പുഴകള്‍ തുടങ്ങിയവയുടെ അടുത്തേക്ക് തനിയെ പറഞ്ഞയക്കരുത്. പ്രത്യേകിച്ച് അമിതമായി വെള്ളമുളളപ്പോള്‍ പുഴയിലേക്ക് പോവാന്‍ അനുവദിക്കരുത്.
കളി കുട്ടികളുടെ ഇഷ്ടവിനോദമാണ്. കളികള്‍ക്കിടയില്‍ വീഴ്ച സംഭവിക്കുകയും മുറിവ് പറ്റുകയും ചെയ്യാം. എല്ലാം നിസാരമെന്ന് കരുതി ഒഴിവാക്കരുത്. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നു കരുതി അവരുടെ പിറകെ നടന്ന് സ്വാതന്ത്ര്യത്തിന് തടയിടുകയുമരുത്. അപകട സാധ്യത ഒഴിവാക്കി ഓടാനും ചാടാനും സ്വാതന്ത്ര്യം കൊടുക്കുക.

Latest