Connect with us

International

ബാങ്കോക്ക് സ്‌ഫോടനം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Published

|

Last Updated

ബാങ്കോക്ക്: 20പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം തായ് പോലീസ് പുറത്തുവിട്ടു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശ്യംഖലകളുണ്ടെന്ന് ദേശീയ പോലീസ് മേധാവി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല തിങ്കളാഴ്ച നടന്ന ആക്രമണമെന്ന് പോലീസ് തലവന്‍ സോംയോട് പൂംപാന്‍മൗങ് ഇന്നലെ പറഞ്ഞു. ദേശീയ പോലീസ് കമാന്‍ഡര്‍മാരുടെ യോഗത്തില്‍ നേത്യത്വം വഹിച്ച ശേഷമാണ് പൂംപാന്‍മൗങ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. തായ്‌ലന്‍ഡില്‍ ജനങ്ങളുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് ഒറ്റക്ക് ഇത്തരമൊരു ആക്രമണം നടത്താനാകില്ലെന്ന് തീര്‍ച്ചയാണെന്നും ഇതിന് പിന്നില്‍ ചില കണ്ണികളുണ്ടെന്നും പൂംപാന്‍മൗങ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്‌ഫോടനസ്ഥലത്തെ സി സി ടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും സംഭവത്തില്‍ സംശയിക്കുന്ന രണ്ട് പേരെക്കൂടി തിരിച്ചറിഞ്ഞതായി പോലീസ് പരഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തേയൊ സൈനിക സര്‍ക്കാറിനെ എതിര്‍ക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ളവരേയൊ ഇതുവരെ സംഭവവുമായി ബന്ധിപ്പിക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ നിരവധി തവണ പറഞ്ഞു. .
ആക്രമണ തന്ത്രങ്ങള്‍ പരിശോധിച്ചതില്‍ ദക്ഷിണ മേഖലയിലെ മുസ്‌ലിം പോരാളികളേയൊ മുന്‍ ഭരണകൂടത്തെ പിന്തുണച്ച റെഡ് ഷേര്‍ട് വിഭാഗത്തേയൊ സംശയിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. റോയല്‍ തായ് പോലീസ് പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇയാളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടനത്തില്‍ ചൈന, സിംഗപ്പൂര്‍ , ഇന്തോനേഷ്യ എന്നീ രാജ്യക്കാരും , മലേഷ്യയിലെ ഒരു കുടുംബവുമടക്കം 11 വിദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറിലധികംപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദ്യശ്യം ചൊവ്വാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. രേഖാ ചിത്രം പുറത്തുവിട്ടത് പ്രതിയെ കണ്ടെത്താന്‍ കൂടുതല്‍ സഹായകമാകുമെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 28, 000 ഡോളറും പോലീസ് പ്രതിഫലമായി പ്രഖ്യാപിച്ചിട്ടുണ്ട്.