സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം ഫ്രം വേസ്റ്റ് ക്യാമ്പയിനുമായി ശുചിത്വമിഷന്‍

Posted on: August 13, 2015 5:18 am | Last updated: August 13, 2015 at 12:20 am
SHARE

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മാലിന്യ മുക്തമാക്കാനൊരുങ്ങി സംസ്ഥാന ശുചിത്വ മിഷന്‍. മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവര്‍ത്തനാധിഷ്ഠിത വിവര വിജ്ഞാന വ്യാപന പരിപാടിയായ“ഫ്രീഡം ഫ്രം വേസ്റ്റ് ക്യാമ്പയിനാണ് ഇന്ന് മുതല്‍ തുടക്കം കുറിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന്് നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ, ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് ലഭ്യമായ വിവിധ മോഡലുകളില്‍ നിന്ന് അനുയോജ്യമായ കമ്പോസ്റ്റ് സംവിധാനമെങ്കിലും ഒരുക്കുക, പ്ലാസ്റ്റിക്, ഇ വേസ്റ്റ് ഉള്‍പ്പെടെയുളള അജൈവ മാലിന്യത്തെ വൃത്തിയാക്കി തരം തിരിച്ച്, ശേഖരിച്ച് വ്യാപാരികള്‍ക്ക് പുന:ചംക്രമണത്തിനായി കൈമാറുക, ശാസ്ത്രീയമാലിന്യ പരിപാലനത്തിന് അനുകൂലമായ മനോഭാവം രൂപവത്കരിക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.
ജില്ലാ ശുചിത്വമിഷനുകളുടെ നേതൃത്വത്തില്‍ വര്‍ക്‌ഷോപ്പുകള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍, കോളജ് തല സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ദേശീയ സമ്പാദ്യ പദ്ധതി പ്രവര്‍ത്തകര്‍, യുവജനക്ഷേമ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്‍സ് പോലീസ്, എന്‍ സി സി, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നെഹ്‌റു യുവകേന്ദ്ര, വിവിധ എന്‍ ജി ഒ കള്‍ തുടങ്ങി എല്ലാ സാമൂഹിക സന്നദ്ധ സംഘടനകളെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ശുചിത്വമിഷന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here