കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം; പാക്കിസ്ഥാനില്‍ പ്രതിഷേധം പടരുന്നു

Posted on: August 11, 2015 5:10 am | Last updated: August 11, 2015 at 10:11 am
SHARE

കറാച്ചി: പാക്കിസ്ഥാനെ നടുക്കിയ ബാലപീഡനക്കേസില്‍ നാനാതുറകളില്‍ നിന്നും പ്രതിഷേധം ഇരമ്പുന്നു. സംയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച് പഞ്ചാബ് സ്റ്റേറ്റിലെ നിരവധി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ക്രൂരമായ ബാല പീഢന പരമ്പരക്കാണ് പാക്കിസ്ഥന്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഏകദേശം മുന്നോറോളം കുട്ടികള്‍ ഇവിടെ ലൈംഗിക പീഡനങ്ങള്‍ക്കിരയായെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നൂറോളം കുട്ടികളെ ലൈംഗികതക്ക് നിര്‍ബന്ധിപ്പിച്ച്‌കൊണ്ട് പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്നതോടെയാണ് സംഭവം വെളിച്ചത്താവുന്നത്. പഞ്ചാബ് അധികൃതര്‍, കഴിഞ്ഞ ദിവസം സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷനല്‍കുക തന്നെ ചെയ്യും. ഒരിക്കലും അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പഞ്ചാബ് സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ശഹബാസ് ശരീഫ് വ്യക്തമാക്കി. രാജ്യത്തെ നടുക്കിയ ഈ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തകരങ്ങള്‍ക്കതിരെ നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. ചൂഷണത്തിരയായവരില്‍ കൂടുതലും 14ന് താഴെ പ്രായമുള്ളവരാണ്. ഒരു ആറ് വയസ്സുകാരനും ഇതില്‍ ഉള്‍പ്പെടുമെന്ന് സംഭവം നടന്ന പ്രദേശത്തെ പോലീസ് മേധാവി റായി ബാബര്‍ സഈദ് വ്യക്തമാക്കി. പത്ത് വയസ്സുകാരിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി പതിനാലുകാരന്റെ ലൈംഗിക ചൂഷണത്തിനിരയാകുന്ന രംഗവും പകര്‍ത്തപ്പെട്ട വീഡിയോകളില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ടെന്നും കാസൂര്‍ ജില്ലയിലെ ഹുസൈന്‍ ഖാന്‍ വാലാ ഗ്രാമത്തില്‍ അവയുടെ ആയിരക്കണക്കിന് കോപ്പികള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കരുതപ്പെടുന്നതായും പോലീസ് വ്യക്തമാക്കി. ലൈംഗിക ആക്രമണത്തിന് മുമ്പ് തന്റെ നട്ടെല്ലില്‍ ഒരു ഉത്തേജക ഔഷധം കുത്തിവെച്ചുവെന്ന് ചുഷണത്തിനിരയായ കുട്ടി വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരകളുടെ രക്ഷിതാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പോലീസുമായി ഏറ്റമുട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here