മണ്ണാര്‍ക്കാട് അപകടം;  പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Posted on: August 11, 2015 9:24 am | Last updated: August 11, 2015 at 9:24 am
SHARE

മണ്ണാര്‍ക്കാട്: കോടതിപ്പടിക്ക് സമീപം കാറും ലോറിയുംകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പരുക്കേറ്റ ഡോ. ജെസുറത്ത്‌നിസ(30)യുടെ നില ഗുരുതരമായി തന്നെ തുടരുന്നു.
പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ റെയ്ഹാന്‍(7), മന്‍ഹ(3) എന്നിവര്‍ സുഖം പ്രാപിച്ചു വരുന്നു. ഞായറാഴ് ച രാത്രി പത്ത്മണിയോടെയാണ് അപകടം. ഡോ ജെസുറത്ത് നിസയും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നിസയുടെ ഭര്‍ത്താവ് ചിറക്കല്‍പ്പടി സ്വദേശി പടിഞ്ഞാറേതില്‍ ഉമറിന്റെ മകന്‍ ഹഹ്മിഫറാസും(34) ഇവരുടെ അഞ്ച് മാസം പ്രായമായ ആണ്‍കുഞ്ഞ് ഹനാനും മരണപ്പെട്ടിരുന്നു. മലപ്പുറത്തെ കരുവാരക്കുണ്ടില്‍ നിന്ന് ചിറക്കല്‍പ്പടിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് ഡോ. നിസയും കുടുംബവും സഞ്ചരിച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കോടതിപ്പടി പി ഡബ്യൂ ഡി ഓഫീസിന് സമീപം വെച്ച് റോഡിലെ കുഴി വെട്ടിച്ച് കടക്കുവാനുള്ള ശ്രമത്തിനിടെ കാറിടിക്കുകയായിരുന്നു. ആഘാതത്തില്‍കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട ഹഹ്മിഫറാസിന്റെയും മകന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വന്‍ജനാവലിയോടെ കൊറ്റിയോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി, കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഹഹ്മി ഫവാസ്, ജെസുറത്ത് നിസ തെങ്കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ്.