Connect with us

Kozhikode

തെരുവ് നായ്ക്കളുടെ ശല്യം കുറക്കാന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Published

|

Last Updated

കോഴിക്കോട്: രണ്ട് വര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ തെരുവ് നായകളുടെയും ഉപദ്രവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് രംഗത്ത്. മുഴുവന്‍ തെരുവ് നായകളെയും വന്ധ്യംകരിക്കുകയും അവക്ക് പേവിഷ പ്രതിരോധ കുത്തിവപ്പ് നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കരുണ (കോഴിക്കോട് ആനിമല്‍ റിഹാബിലിറ്റേഷന്‍ പ്രൊജക്ട് യൂസിംഗ് നോണ്‍ വയലന്റ് ആള്‍ട്ടര്‍നേറ്റീവ്‌സ്) പദ്ധതിയാണ് ജില്ലാപഞ്ചയാത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ എല്ലാ വളര്‍ത്തുനാക്കള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനും ശാസ്ത്രീയമായി തെരുവ് മാലിന്യം സംസ്‌ക്കരിക്കുന്നതിലൂടെ തെരുവ് നായകളുടെ എണ്ണം കുറക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തും നല്‍കുന്ന രണ്ട് ലക്ഷത്തിന് പുറമെ, കോര്‍പറേഷനും മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നീക്കിവെക്കുന്ന ഫണ്ട് ഉള്‍പ്പെടെ 1.6 കോടി രൂപയുടേതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ തെരുവ് നായകളുടെ കണക്കെടുക്കും. പദ്ധതിയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ രക്ഷിതാക്കളെ ബോധവത്ക്കരിക്കാനും പരിപാടിയുണ്ട്. പ്രത്യേക മൊബൈല്‍ ഓപ്പറേഷന്‍ തിയറ്റര്‍ വഴിയാണ് പിടികൂടിയ നായകളെ വന്ധ്യംകരിക്കുകയും വാകിസ്‌നേഷന്‍ നല്‍കുകയും ചെയ്യുക. ഒരു ഡോക്ടര്‍, പരിശീലനം സിദ്ധിച്ച രണ്ട് പട്ടിപിടുത്തക്കാര്‍, ഒരു സഹായി എന്നിവര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങള്‍ ഇതിന് നേതൃത്വം നല്‍കും. മൊബൈല്‍ തിയറ്ററിന് പുറമെ പ്രാദേശിക മൃഗാശുപത്രികളിലും ഇതിനുള്ള സജ്ജീകരണങ്ങളൊരുക്കും. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തിലും പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

Latest