ന്യായവില ഹോട്ടലുകളായ ‘തൃപ്തി’ പ്രഖ്യാപനത്തിലൊതുങ്ങി

Posted on: August 4, 2015 1:31 pm | Last updated: August 4, 2015 at 1:31 pm
SHARE

ചാവക്കാട്: വിലക്കയറ്റം സാധാരണക്കാരന്റെ വിശപ്പിനെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തുടങ്ങുമെന്നു പറഞ്ഞ തൃപ്തി ഹോട്ടലുകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് തുടര്‍നടപടികളില്ല. 2013 മാര്‍ച്ച് 15ന് നടത്തിയ ബജറ്റിലാണ് ധനമന്ത്രി കെ എം മാണി ഏറെ പ്രതീക്ഷകള്‍ നല്‍കിയ പ്രഖ്യാപനം നടത്തിയത്. വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ന്യായവില ഹോട്ടലായ തൃപ്തി എല്ലാ താലൂക്കുകളിലും തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും തുടങ്ങുന്ന ഹോട്ടലുകളില്‍ 20 രൂപക്ക് ഭക്ഷണം നല്‍കുകയിരുന്നു ലക്ഷ്യം. കുടുംബശ്രീ, ഗൃഹശ്രീ, ജനശ്രീ തുടങ്ങിയ മഹിളാസംഘടനകളിലൂടെ തുടങ്ങുന്ന തൃപ്തി ഹോട്ടലുകള്‍ക്കായി വൈദ്യുതിചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, കെട്ടിടവാടക എന്നിവക്കായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ഗ്രാന്റ് നല്‍കാനും തീരുമാനിച്ചിരുന്നു.
ഇതിനു പുറമെ 50,000 രൂപയുടെ മാനേജീരിയല്‍ സബ്‌സിഡി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അരി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിനു പുറമെ സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ നല്‍കുമെന്നും പ്രഖ്യാപനത്തിലുണ്ടായി. ഭക്ഷണശാല തുറക്കാന്‍ കുടുംബശ്രീ, ജനശ്രീ എന്നീ യൂനിറ്റുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കുറഞ്ഞത് 10 പേരടങ്ങുന്ന ഒരു യൂനിറ്റിന് ഹോട്ടല്‍ ആരംഭിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. ഹോട്ടലുകളിലെ വിലനിലവാരം വാനംമുട്ടെ ഉയര്‍ന്ന സാഹചര്യത്തിലാണു തൃപ്തി ഹോട്ടല്‍ എന്ന ആശയം ബജറ്റില്‍ അവതരിപ്പിച്ചത്.
എന്നാല്‍ നാളിതുവരെ ഇതിന്റെ നടപടികള്‍ തുടങ്ങിയില്ലെന്നു മാത്രമല്ല, അതിനുള്ള ശ്രമങ്ങള്‍ പോലും നടക്കുന്നില്ല. 14 രൂപക്ക് ഊണു നല്‍കുമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിച്ചില്ലെന്ന കാരണമുയര്‍ത്തിയാണ് മാവേലി ഹോട്ടലുകള്‍ പൂട്ടിയത്. കഴിഞ്ഞവര്‍ഷം പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിനെത്തുടര്‍ന്നുണ്ടായ പരാതികള്‍ക്കൊടുവില്‍ മാവേലി ഹോട്ടലുകള്‍ വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം ഭക്ഷ്യമന്ത്രി നടത്തിയിരുന്നെങ്കിലും മാവേലി ഹോട്ടലുകള്‍ മാത്രം തുറന്നില്ല.
ഇതിനിടെയാണു തൃപ്തി ഹോട്ടലുകള്‍ എന്ന ആശയം ധനമന്ത്രി അവതരിപ്പിച്ചത്. മായം കലരാത്ത തനത് ഭക്ഷ്യ സാധനങ്ങള്‍ അമിതവില ഈടാക്കാതെ ജനങ്ങളിലേക്കെത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. താലൂക്കുകള്‍ തോറും സജീവമാകാന്‍ പോകുന്ന ന്യായവില ഭക്ഷണശാലകള്‍ വനിതകള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിക്കുമെന്നും എല്ലാ താലൂക്കുകളിലും ഓരോ ഹോട്ടല്‍ വന്നാല്‍ വിലനിയന്ത്രണം സാധ്യമല്ലെങ്കിലും ഏറെ ജനങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും പ്രചരണമുണ്ടായി. മറ്റു ഹോട്ടലുകളില്‍ തോന്നുന്ന വില ഈടാക്കുന്ന സാഹചര്യത്തില്‍ തൃപ്തി ഹോട്ടലുകള്‍ സാധാരണക്കാര്‍ക്ക് സഹായകരമാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ബജറ്റില്‍ പ്രഖ്യാപിച്ച തൃപ്തി ഹോട്ടല്‍ ഇതുവരെ തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല.