Connect with us

Gulf

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോള്‍ വില കുറവെന്ന് ഊര്‍ജ മന്ത്രി

Published

|

Last Updated

അബുദാബി: മറ്റു രാജ്യങ്ങളിലെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ ആഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്ത് നടപ്പാവുന്ന പെട്രോള്‍ വില കുറവാണെന്ന് യു എ ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ അഭിപ്രായപ്പെട്ടു. പെട്രോളിന് രാജ്യത്ത് നികുതി ഇല്ലാത്തതിനാലാണ് വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്.
വില വര്‍ധനവ് കാര്‍ ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ല. രാജ്യത്ത് 1,000 മുതല്‍ 1,500 വരെ മാത്രം ശമ്പളം പറ്റുന്നവരുണ്ട്. പ്രധാനമായും സര്‍ക്കാര്‍ പൊതുഗതാഗതമാര്‍ഗം ലക്ഷ്യമിടുന്നത് കുറഞ്ഞ വരുമാനക്കാരെയാണ്. ഉപഭോക്താക്കളുടെയും പെട്രോള്‍ വിതരണക്കാരുടെയും താല്‍പര്യം സംരക്ഷിക്കുന്ന രീതിയിലാണ് വര്‍ധനവ് വരുത്തിയത്. നേരിയ തോതിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വലിയ ഭാരം അനുഭവപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. 23.6 ശതമാനം വര്‍ധനവാണ് പെട്രോളിന് വരുത്തിയതെങ്കില്‍ ഡീസല്‍ വിലയില്‍ വില പുതുക്കി നിശ്ചയിച്ചതോടെ 29 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ സംഭവിക്കുന്ന കുറവ് പൊതുഗതാഗതം നടത്തുന്ന കമ്പനികള്‍ ഉള്‍പെടെയുള്ളവക്ക് ഗുണകരമാവും. ഇതിന്റെ ഭാഗമായി ഡീസല്‍ ഉപയോഗിക്കുന്ന പൊതുഗതാഗത വാഹനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയാനും ഇടയുണ്ട്. പൊതുവില്‍ ജനങ്ങള്‍ പറയുക വില മേലോട്ട് പോകുന്നെന്നാണ്. ഡീസലിന്റെ കാര്യത്തില്‍ നേര്‍ വിപരീതമാണ് സംഭവിച്ചത്. നിലവിലെ വിലയില്‍ നിന്ന് 85 ഫില്‍സാണ് ഒരു ലിറ്ററിന് കുറവ് വരാന്‍ പോകുന്നത്. ഡീസലില്‍ ഉണ്ടായിരിക്കുന്ന വിലക്കുറവിന്റെ മെച്ചം ഉപഭോക്താക്കളില്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഉപഭോക്തൃസംരക്ഷണ ഏജന്‍സിയോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 1.72 ദിര്‍ഹമാണ് രാജ്യത്തെ വില. ഒന്നാം തിയ്യതി മുതല്‍ ലിറ്ററിന് 2.14 ദിര്‍ഹമായി ഉയരും. പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ മന്ത്രാലയം ഓഗസ്റ്റ് മുതല്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വില പുതുക്കി നിശ്ചയിച്ചതോടെ നിലവിലെ പെട്രോള്‍ വില നിയന്ത്രണ സംവിധാനം ഇല്ലാതായിട്ടുണ്ട്. പെട്രോളിന് നാളിതുവരെ സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡിയും ഇതോടെ അവസാനിക്കുകയാണ്. ഇനി ഓരോ മാസവും 28ാം തിയ്യതി കമ്മിറ്റി യോഗം ചേര്‍ന്ന് രാജ്യാന്തര വില അവലോകനം ചെയ്താവും പുതുക്കിയ വില നിശ്ചയിക്കുക.