Connect with us

National

ആ പട്ടാളക്കാരന്‍ തളര്‍ന്നുപോകില്ലേ?

Published

|

Last Updated

സൈനികനെ ഹസ്തദാനം ചെയ്യുന്ന കലാം

ഷില്ലോംഗ്: സഹാനുഭൂതിയുടെ ഒരു വൈകാരിക നിമിഷം ഓര്‍മകളിലേക്ക് ബാക്കിവെച്ചായിരുന്നു കലാമിന്റെ പിന്മടക്കം. ഷില്ലോംഗിലെ ഐ ഐ എമ്മിലേക്കുള്ള യാത്രയിലുടനീളം കലാമിനെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു പട്ടാളവണ്ടി മുന്നിലുണ്ടായിരുന്നു. അതില്‍ മൂന്ന് പട്ടാളക്കാര്‍. രണ്ട് പേര്‍ മുഖാമുഖം ആ ജിപ്‌സിയില്‍ ഇരിക്കുന്നു. മൂന്നാമത്തെയാള്‍ തോക്ക് പിടിച്ച് യാത്രയിലുടനീളം വാഹനത്തില്‍ നില്‍ക്കുകയായിരുന്നു. ഈ കാഴ്ചയാണ് കലാമിനെ അസ്വസ്ഥനാക്കിയത്. ഈ സ്ഥിതി മണിക്കൂര്‍ പിന്നിടുന്നത് കണ്ടപ്പോള്‍, കൂടെയുണ്ടായിരുന്ന ശ്രീജന്‍ പാല്‍ സിംഗിനോട് കലാം ചോദിച്ചു. “എന്തിനാണയാള്‍ ഇങ്ങനെ നില്‍ക്കുന്നത്? തളര്‍ന്നുപോകില്ലേ? ഇതൊരു ശിക്ഷ പോലെയാണല്ലോ. അയാളോട് ഇരിക്കാന്‍ ഒരു വയര്‍ലസ് മെസേജ് കൊടുക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?”

എന്നാല്‍, അയാള്‍ക്ക് അത്തരത്തില്‍ നിലയുറപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടാകാമെന്നും മറ്റും പറഞ്ഞ് കലാമിനെ ആശ്വസിപ്പിക്കാന്‍ ശ്രീജന്‍ പാല്‍ ശ്രമിച്ചു. എങ്കിലും, പട്ടാളക്കാരനെ ഇരുത്താനുള്ള ശ്രമം തുടരുകയും ചെയ്തു. പക്ഷേ, നടന്നില്ല. തുടര്‍ന്നുള്ള ഒന്നര മണിക്കൂറോളം വരുന്ന യാത്രയില്‍ കലാം ഇതേക്കുറിച്ച് സുഹൃത്തിനോട് അന്വേഷിച്ചുകൊണ്ടേയിരുന്നു. അയാളോട് ഇരിക്കണമെന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കാന്‍ മൂന്ന് തവണ കലാം ശ്രീജന്‍ പാലിനെ ഓര്‍മിപ്പിച്ചു. അവര്‍ ഷില്ലോംഗ് ഐ ഐ എമ്മില്‍ എത്തിച്ചേരുകയാണ്. അപ്പോഴും കലാമിന്റെ മനസ്സില്‍ തോക്കേന്തി ജിപ്‌സിയില്‍ നില്‍ക്കുന്ന പട്ടാളക്കാരനായിരുന്നു. “ഞാനയാളെ കാണാനും നന്ദി പറയാനും ആഗ്രഹിക്കുന്നു.” കലാം അറിയിച്ചു.
ഷില്ലോംഗില്‍ ഇറങ്ങിയപ്പോള്‍ കലാം ആ സൈനികനെ കാണുകയും കൈപിടിച്ച് നന്ദി അറിയിക്കുകയും ചെയ്തു. എന്നിട്ട് ഇങ്ങനെ ചോദിച്ചു. “താങ്കള്‍ ക്ഷീണിച്ചുപോയോ? വല്ലതും കഴിക്കണമെന്നുണ്ടോ? ഞാന്‍ കാരണം ഇത്രയും നേരം നില്‍ക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു കുട്ടീ”. ഇതുകേട്ട് അദ്ദേഹത്തിനു മുന്നില്‍ കറുത്ത യൂനിഫോമില്‍ നിന്ന ആ പട്ടാളക്കാരന്‍ വല്ലാതെയായി. അമ്പരപ്പില്‍ മറുപടി പറയാന്‍ വാക്കുകള്‍ക്കായി അയാള്‍ പരതുകയായിരുന്നു. ഒടുവില്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “സര്‍, അങ്ങേക്ക് വേണ്ടി വേണമെങ്കില്‍ ആറ് മണിക്കൂര്‍ നില്‍ക്കാനും ഞാന്‍ തയ്യാറാണ്.”

Latest