ജില്ലയില്‍ ഹെക്ടര്‍ കണക്കിന് കൃഷിഭൂമി വനഭൂമിയാകാനുള്ള സാധ്യതയേറി

Posted on: July 29, 2015 6:00 am | Last updated: July 28, 2015 at 9:20 pm

കല്‍പ്പറ്റ: ജില്ലയില്‍ നൂറുകണക്കിന് കര്‍ഷകര്‍ ആശങ്കയുടെ നിഴലിലായി. കസ്തൂരി രംഗന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ റിപ്പോര്‍ട്ടു കൊടുത്തത് വനഭൂമിയും കൃഷിഭൂമിയും തരംതിരിച്ച് റീസര്‍വേ ചെയ്യാതെയാണെന്നാണ് പരാതി ഉയരുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ പരിസ്ഥിതി ലോലപ്രദേശമുള്‍പ്പെടുന്നത് 13 വില്ലേജിലാണ്. ഇതില്‍ 11 വില്ലേജില്‍ ഒറ്റ സര്‍വേ നമ്പറില്‍ വനഭൂമിയും കൃഷിഭൂമിയും ഉണ്ട്. ഇവ വേര്‍തിരിച്ച് റീസര്‍വേ ചെയ്യാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ ആദിവാസികളൂടെ ഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇതിലുണ്ട്. വനഭൂമിയുടെ സര്‍വേ നമ്പറില്‍ ഉള്‍പ്പെടുന്ന കൃഷിഭൂമി പാര്‍ട്ടാക്കി കാണിച്ചാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നൂറുകണക്കിന് കര്‍ഷകരുടെ കൃഷിഭൂമി ഇതോടെ വനഭൂമിയാകാന്‍ സാധ്യതയുണ്ടെന്നതാണ് കര്‍ഷകരെ ആശങ്കിയിലാഴ്ത്തുന്നത്.
റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണം. റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികളും അഭിപ്രായങ്ങളും കേട്ടശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നാണ് സി പി എം അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പേര്യയില്‍ 25 ഹെക്ടറോളം ഭൂമി ഇത്തരത്തിലുണ്ട്. പേരിയ വില്ലേജില്‍പ്പെട്ട റിസ. 65/1എ1എ2, 65/1ബി, 65/3, 110, 153, 176/1എ, തിരുനെല്ലിയില്‍ 88എ/1, 882എ/1, 453, പനവല്ലിയില്‍ മുപ്പത്തിയഞ്ചോളം സര്‍വേ നമ്പര്‍, തൊണ്ടര്‍നാടില്‍ 19, 42, 164 സര്‍വേ നമ്പറുകള്‍, നൂല്‍പ്പുഴയില്‍ ബ്ലോക്ക് 34ല്‍ 39, 274, 354. ബ്ലോക്ക് 32ല്‍ 1,44, ബ്ലോക്ക് 35ല്‍ 1, ബ്ലോക്ക് 15ല്‍ 1, വെള്ളരിമലയില്‍ 18 സര്‍വേ നമ്പറുകള്‍ തുടങ്ങിയ വയില്‍ വനഭൂമിയും കൃഷിഭൂമിയും ഉണ്ട്. തരംതിരിക്കാതെ നിലവിലുള്ള നമ്പറുകള്‍ നല്‍കുന്നതോടെ ഈ ഭൂമി ഇഎസ്എയില്‍ ഉള്‍പ്പെടും.—
വനാതിര്‍ത്തിയില്‍പെടുന്ന കൃഷിഭൂമി അളന്ന് പ്രത്യേക സര്‍വേ നമ്പറിട്ടു നല്‍കാന്‍ അലമുറയിടുന്ന കര്‍ഷകരുടെ രോദനം കാണാതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ആരോപണമുയരുന്നത്. റിപ്പോര്‍ട്ട് നല്‍കിയതോടെ ജില്ലയില്‍ ഹെക്ടര്‍ കണക്കിന് കൃഷിഭൂമി വനഭൂമിയാകാനുള്ള സാധ്യതയേറി. ഏതുഭാഗത്താണ് ഈ ഭാഗമെന്ന് കണ്ടെത്താനാവില്ലെന്നതാണ് ഇതിന്റെ ന്യൂനത. മാത്രമല്ല സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന് കൊടുക്കുന്ന റിപ്പോര്‍ട്ടു പ്രകാരം ഇതെല്ലാം വനഭൂമിയായിട്ടാണ് ഉണ്ടാവുക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആളിക്കത്താന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും ഇതുവരെ വനഭൂമിയും കൃഷി ഭൂമിയും തരംതിരിച്ച് റീസര്‍വേ ചെയ്ത് നല്‍കാത്തത് ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് റദ്ദാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി തയ്യാറെടുക്കുമെന്നും സെക്രട്ടറിയറ്റ് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വനഭൂമിയും കൃഷിഭൂമിയും തരംതിരിച്ച് റീസര്‍വേ ചെയ്യാതെ പരിസ്ഥിതിലോല പ്രദേശത്തിന്റെ അന്തിമ റിപ്പോര്‍ട്ടു നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.