ബ്ലേഡ്കാരന്റെ ആക്രമണത്തില്‍ വ്യാപാരിക്ക് ഗുരുതര പരിക്ക്

Posted on: July 29, 2015 6:00 am | Last updated: July 28, 2015 at 9:20 pm
SONY DSC
SONY DSC

കല്‍പ്പറ്റ: ബ്ലേഡുകാരന്റെ ആക്രമണത്തില്‍ വ്യാപാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി തളിപ്പുഴ കുന്നത്ത് കെ സി സുധീര്‍ (44) ആണ് പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പ്രവാസിയായിരുന്ന സുധീര്‍ ഇപ്പോള്‍ തളിപ്പുഴയില്‍ എസ് എഫ് സി എന്ന സ്ഥാപനം നടത്തിവരികയാണ്. സ്ഥാപനത്തിന്റെ മുകള്‍നിലയിലാണ് സുധീര്‍ കുടുംബസമേതം താമസിക്കുന്നത്. വൈത്തിരിയിലെ പ്രമുഖ ബ്ലേഡുകാരായ തമിഴ്‌നാട് സ്വദേശിയാണ് അക്രമിച്ചതെന്നാണ് സുധീര്‍ പറയുന്നത്. ഇദ്ദേഹത്തില്‍നിന്നും മാസങ്ങള്‍ക്ക് മുമ്പ് സുധീര്‍ ഒരു ലക്ഷം രൂപ കടം ചോദിച്ചിരുന്നു. എന്നാല്‍ 20,000 രൂപ പലിശയിനത്തില്‍ പിടിച്ചുവെച്ച് 80,000 രൂപയാണ് നല്‍കിയത്. ഈടായി നല്‍കിയ ചെക്ക് പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഫെഡറല്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ കനകന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്നീട് 55000 രൂപ കൂടി വേണമെന്ന് ബ്ലേഡുകാരന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ സുധീറിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. തലക്ക് മാരകമായി പരിക്കേറ്റ സുധീറിന്റെ ഭാര്യ ഷഹീനിനെയും ബ്ലേഡുകാരന്‍ മര്‍ദിച്ചു. കമ്പിപ്പാര ഉപയോഗിച്ചാണ് കനകന്‍ ആക്രമിച്ചത്. മുമ്പ് വൈത്തിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായി ചെന്നപ്പോള്‍ എസ് ഐ കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ബ്ലേഡുകാരന്‍ വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ നിരവധി പാവങ്ങളെ പലിശയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓപ്പറേഷന്‍ കുബേരയിലടക്കം പരാതി നല്‍കിയിട്ടുണ്ട്.