Connect with us

Ongoing News

കായിക നയത്തിന് അന്തിമരൂപം

Published

|

Last Updated

തിരുവനന്തപുരം: കൂടുതല്‍ മത്സര ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സംസ്ഥാന കായിക നയത്തിന് അന്തിമ രൂപമായി. നയരേഖ കായിക വകുപ്പ് സംസ്ഥാന സര്‍ക്കാറിന് കൈമാറി. അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, വോളിബോള്‍, സൈക്ലിംഗ്, ഫെന്‍സിംഗ്, കനോയിംഗ് ആന്‍ഡ് കയാക്കിംഗ്, റോവിംഗ്, ഷൂട്ടിംഗ് എന്നീ ഒമ്പത് ഇനങ്ങള്‍ക്കണ് പുതിയ കായിക നയത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ കായിക താരങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം മികവ് പുലര്‍ത്തുന്നതും അന്താരാഷ്ട്രതലത്തില്‍ മെഡല്‍ നേടാന്‍ സാധ്യത ഉള്ളതുമായ ഇനങ്ങള്‍ എന്ന രീതിയിലാണ് മികച്ച സാധ്യതയുള്ള ഗെയിംസ് എന്ന ഇനത്തില്‍ ഈ ഒമ്പത് മത്സര ഇനങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം വിഭാഗത്തില്‍ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, എന്നിവയില്‍ ഉള്‍പ്പെടുത്തിയ, അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിന് എത്താന്‍ കഴിയാത്തതുമായ ഇനങ്ങളെയാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ടെന്നീസ്, തായ്‌കോണ്‍ഡോ, ഹാന്‍ഡ് ബോള്‍, ഹോക്കി, റെസ്‌ലിംഗ്, ടേബിള്‍ ടെന്നീസ്, വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ, ആര്‍ച്ചറി എന്നിവയാണ് ഈ ഗണത്തില്‍ പെടുന്നത്. മൂന്നാം വിഭാഗത്തില്‍ സാധ്യത കുറഞ്ഞ ഗെയിംസ് വിഭാഗത്തില്‍ സംസ്ഥാനത്ത് പ്രചാരമുള്ള എന്നാല്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലാത്ത ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ഗ്രിഡ് എന്ന ആശയം അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നു. ഇതില്‍ ദേശീയ ഗെയിംസ് നടക്കാത്ത ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേടുന്ന കായിക താരത്തിന് ഒരുകോടി രൂപ നല്‍കണമെന്നാണ് പുതിയ കായിക നയം ശിപാര്‍ശ ചെയ്യുന്നത്. വെള്ളിനേട്ടം സ്വന്തമാക്കിയാല്‍ 75 ലക്ഷവും വെങ്കലത്തിന് 50 ലക്ഷവും മത്സരത്തില്‍ പങ്കെടുത്താല്‍ 20 ലക്ഷവും നല്‍കണമെന്നും നയം പറയുന്നുണ്ട്. കോച്ചുമാര്‍ക്ക് സ്വര്‍ണം, വെള്ളി വെങ്കലം എന്നതിന് യഥാക്രമം 50, 35,25 ലക്ഷം എന്നിങ്ങനെയാണ് ശിപാര്‍ശ ചെയ്യുന്ന സമ്മാനത്തുക. ലോകകപ്പ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്ന കായിക താരങ്ങള്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവക്ക് യഥാക്രമം 75 ലക്ഷം 50 ലക്ഷം 30 ലക്ഷം എന്ന ക്രമത്തിലും ഇവരുടെ കോച്ചുമാര്‍ക്ക് 35, 25, 15 ലക്ഷം രൂപ വീതവും നല്‍കും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് സ്വര്‍ണം- 40 ലക്ഷം വെള്ളി- 20 ലക്ഷം, വെങ്കലം- 10 ലക്ഷം എന്നിങ്ങനെയും ഇവരുടെ കോച്ചുമാര്‍ക്ക് 20, 10, അഞ്ച് ലക്ഷം എന്നിങ്ങനെയും നല്‍കും.
ദേശീയ ഗെയിംസില്‍ സ്വര്‍ണത്തിന് പത്ത് ലക്ഷം, വെള്ളിക്ക് 7.5 ലക്ഷം, വെങ്കലത്തിന് അഞ്ച് ലക്ഷവും നല്‍കണമെന്നും ശിപാര്‍ശ ചെയ്യുന്നു. ദേശീയ സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ നേട്ടത്തിന് ഒരു ലക്ഷവും വെള്ളിക്ക് 50,000 രൂപയും വെങ്കലത്തിന് 25,000 രൂപയും നല്‍കണമെന്നാണ് നയം പറയുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് കായിക നയരേഖ തയാറാക്കിയത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയരേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.

Latest