ശാസ്ത്ര പ്രതിഭയെ ഊട്ടിയ നിര്‍വൃതിയില്‍ പരമേശ്വരന്‍ നായര്‍

Posted on: July 28, 2015 6:00 am | Last updated: July 28, 2015 at 12:28 am
SHARE
പരമേശ്വരന്‍ നായര്‍ കലാം ചിത്രങ്ങള്‍ക്കരികെ
പരമേശ്വരന്‍ നായര്‍ കലാം ചിത്രങ്ങള്‍ക്കരികെ

തിരുവനന്തപുരം: രാജ്യത്തിന്റെ മിസൈലുകളുടെ പിതാവെന്ന് പ്രശ്‌സ്തി നേടിയഅതുല്യ ശാസ്ത്ര പ്രതിഭ ഡോ. എ പി ജെ അബ്ദുല്‍ അബ്ദുല്‍ കലാമിനെ ഏറെ നാള്‍ വിരുന്നൂട്ടിയതിന്റെ നിര്‍വൃതിയിലാണ് തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവിലിന് സമീപത്തെ ഗുരുവായൂരപ്പന്‍ ഹോട്ടലുടമ എണ്‍പത്തെട്ടുകാരനായ പരമേശ്വരന്‍ നായര്‍. തിരുവനന്തപുരം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലത്ത് അബ്ദുല്‍ കലാം സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയിരുന്നത് ഗുരുവായൂരപ്പന്‍ ഹോട്ടലിലായിരുന്നു. നഗരത്തിലെ പ്രധാന വെജിറ്റേറിയന്‍ ഹോട്ടലായ ഇവിടെ സ്ഥിരമായി എത്തിയിരുന്ന ഇദ്ദേഹത്തെ പലരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. നീട്ടി വളര്‍ത്തിയ മടിയും സാധാരണ രീതിയില്‍ മലയാളികള്‍ ധരിക്കാത്ത പാന്റും സ്യൂട്ടും ഇട്ട തമിഴനെ കൗതുകത്തോടെയായിരുന്നു പലരും കണ്ടിരുന്നതെന്ന് പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ നാട്ടുകാര്‍ കൗതുകത്തോടെ കണ്ടിരുന്ന ഈ മഹാ മനീഷിക്ക് ഉയരങ്ങള്‍ താണ്ടാനുള്ള നിശ്ചയദാര്‍ഡ്യവും, മനക്കരുത്തും ഉണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിപ്പുറം കണ്ടപ്പോഴും പണ്ട് പരിചയപ്പെട്ടതുപോലെതന്നെയായിരുന്നു അദ്ദേഹം.
ഐ എസ് ആര്‍ ഒക്ക് വേണ്ടിയുള്ള മിസൈല്‍ പര്യവേക്ഷണത്തിനിടെ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യുവിലെ പഴയ ഇന്ദ്രഭവന്‍ ലോഡ്ജിലെ 206-ാം നമ്പര്‍ മുറിയിലായിരുന്നു എട്ടുവര്‍ഷത്തോളം താമസിച്ചിരുന്ന സമയത്താണ് പതിവായി പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കാന്‍ ഗുരുവായൂരപ്പന്‍ ഹോട്ടലിലെത്തിയിരുന്നത്. രാവിലെ രണ്ട് അപ്പവും ഒരു ഗ്ലാസ് പാലും, ഉച്ചക്ക് ചോറും തൈരും രസവും, രാത്രിയില്‍ രണ്ട് ചപ്പാത്തിയും പാലും അല്ലെങ്കില്‍ നെയ്‌റോസ്റ്റും പാലുമാണ് കഴിച്ചിരുന്നത്. എന്നാല്‍ ഒഴിവു ദിവസങ്ങളില്‍ മാത്രമാണ് ഉച്ചഭക്ഷണത്തിനെത്തിയിരുന്നത്. അദ്ദേഹത്തിന്റെ വേഷവും മുടിയും കണ്ട് ഏതാണീ ഭ്രാന്തന്‍ എന്ന് ചോദിച്ചിരുന്നവരെലല്ലാം അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ കലാം സാര്‍ എന്ന് മാറ്റിവിളിച്ചതായും അദ്ദേഹം ഓര്‍ത്തെടുത്തു. ഇന്ത്യയുടെ പതിനൊന്നാമത് പ്രഥമപൗരനായിരുന്ന അബ്ദുല്‍ കലാമിന്റെ 21 വര്‍ഷം മുമ്പത്തെ ഭക്ഷണ രീതി പരമേശ്വരന്‍നായര്‍ക്ക് ഇപ്പോഴും നല്ല ഓര്‍മ്മ. രാജ്യത്തെ പരമോന്നത പദവി അലങ്കരിച്ചിട്ടും വിനയം കൈവിടാതെ സൂക്ഷിച്ച അദ്ദേഹം നേടിയെടുത്ത വിജയങ്ങളുടെയെല്ലാം നിദാനം ഈ വിനയം തന്നെയായരുന്നുവെന്ന് ജീവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നു. നീട്ടിവളര്‍ത്തിയ മുടിയും, സദാ കൂട്ടുണ്ടാകുന്ന പുസ്തകവും, പുല്‍പ്പായയിലെ ഉറക്കവും, ലോഡ്ജ് ടെറസിലെ ഉറക്കവുമെല്ലാം ഇദ്ദേഹത്തിന്റെ വിനയത്തെയാണ് പ്രകടിപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന്റെ പ്രഥമ പൗരനായ ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഹോട്ടലുടമ പരമേശ്വരന്‍നായരെയും തന്റെ ചെരുപ്പു നന്നാക്കി നല്‍കിയിരുന്ന ജോര്‍ജിനേയും രാജ്ഭവനിലേക്ക് അതിഥിയായി ക്ഷണിച്ചിരുന്നതായും പരമേശവന്‍നായര്‍ പറഞ്ഞു. തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളില്‍ തിരുവനന്തപുരം നഗരത്തിലെ തന്റെ ജീവിതത്തിനെ ഓര്‍മകള്‍ പകര്‍ത്തിയിട്ടുണ്ട്.