എ പി ജെ: ഇന്ത്യ കണ്ട എക്കാലത്തേയും മഹാന്‍മാരില്‍ ഒരാള്‍

Posted on: July 27, 2015 10:03 pm | Last updated: July 27, 2015 at 10:03 pm

kalam.....കോഴിക്കോട്: ഇന്ത്യയുടെ ചരിത്രം രേഖപ്പെടുത്തിയ എക്കാലത്തേയും മഹാവ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായ എ പി ജെ അബ്ദുല്‍ കലാം. രാജ്യം ഇത്രയധികം നെഞ്ചിലേറ്റിയ മറ്റൊരു രാഷ്ട്രപതി ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. രാഷ്ട്രപതി പദത്തിലിരുന്ന അഞ്ച് വര്‍ഷക്കാലം കൊണ്ട് രാഷ്ട്രപതി ഭവന്‍ അദ്ദേഹം ജനങ്ങള്‍ക്ക് പ്രാപ്യമായ കേന്ദ്രമാക്കി മാറ്റി.

കുട്ടികളെ ഒരുപാട് ഇഷ്ട്‌പ്പെട്ടിരുന്ന വ്യക്തിയായിരുന്നു കലാം. വിദ്യാര്‍ഥികളുമായി സംവദിക്കുന്നത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. ഭാവിയെ കുറിച്ചു സ്വപ്‌നം കാണാന്‍ അദ്ദേഹം എല്ലായിപ്പോഴും കുട്ടികളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആരെങ്കിലും എന്തെങ്കിലും ഒരു ചോദ്യവുമായിട്ടേ കലാമിനടുത്തേക്ക് പോകാവൂ. ചോദ്യം ചോദിച്ച ഉടനെ തന്നെ തിരികെ ഒരു ചോദ്യവും ചോദ്യ കര്‍ത്താവിനോട് ചോദിക്കാന്‍ കലാം മറക്കാറില്ല. എന്നാല്‍ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

പ്രചോദനാത്മകമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹം എപ്പോഴും ഇഷ്ടപ്പെട്ടത്. ജീവിതത്തില്‍ ചിലര്‍ നമ്മള്‍ പതീക്ഷിച്ചതിനേക്കാള്‍ ഉന്നതിയിലെത്തിയേക്കാം. പക്ഷേ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തവര്‍ ഒരിക്കലും നിരാശപ്പെടരുത്. നമുക്ക് മുമ്പിലുള്ള പ്രതിസന്ധികളെല്ലാം നമുക്ക് മറികടക്കാന്‍ കഴിയുന്നവയാണ്. മറികടക്കാന്‍ കഴിയാത്ത പ്രതിസന്ധികളൊന്നും ദൈവം നമുക്ക് നല്‍കിയിട്ടില്ലെന്നും കലാം എല്ലാ ക്ലാസുകളിലും പറയുമായിരുന്നു.

1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കലാം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന് യാത്രക്കുള്ള ബോട്ടുകള്‍ വാടകക്ക് കൊടുക്കുന്ന തൊഴിലായിരുന്നു. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്‌കൂള്‍ അധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു. അബ്ദുള്‍ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീന്‍ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. കാലത്ത് പത്രക്കെട്ടുകള്‍ വണ്ടിയില്‍ നിന്നും പുറത്തേക്കു വലിച്ചെറിയുകയായിരുന്നു പതിവ്. ഈ പത്രകെട്ടുകള്‍ എടുത്തുകൂട്ടുന്നതില്‍ അബ്ദുള്‍ കലാം ഷംസുദ്ദീനെ സഹായിച്ചിരുന്നു തന്നെ സഹായിക്കുന്നതിന് ഷംസുദ്ദീന്‍ കലാമിന് ചെറിയ പാരിതോഷികവും നല്‍കുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനമെന്ന് കലാം ആത്മകഥയില്‍ പറയുന്നുണ്ട്.

സാമിയാര്‍ സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1950ല്‍ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ബിരുദവും തുടര്‍ന്ന് മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. അതിനു ശേഷം, ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച് എ എല്‍.) പരിശീലന വിദ്യാര്‍ഥിയായി പ്രവേശിച്ച കലാം വിവിധ തരത്തിലുള്ള പിസ്റ്റണുകള്‍, ടര്‍ബൈന്‍ എന്‍ജിനുകള്‍ തുടങ്ങിയവയെക്കുറിച്ച് അതിവിദഗ്ധമായ ശാസ്ത്രീയ പഠനങ്ങളും വിശകലനങ്ങളും നടത്തി. ഇക്കാലത്തുതന്നെ ഇദ്ദേഹം ഒരു ഹോവര്‍ ക്രാഫ്റ്റ് നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കുകയുണ്ടായി.

എച്ച് എ എല്ലില്‍ പരിശീലനകാലം അവസാനിപ്പിച്ച് 1962ല്‍ കലാം മുംബൈയിലെ ഇന്ത്യന്‍ കമ്മിറ്റി ഫോര്‍ സ്‌പെയ്‌സ് റിസര്‍ച്ചില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, ആ വര്‍ഷം തന്നെ തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷനിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. അതിനിടെ നാസയില്‍ ആറുമാസത്തെ പരിശീലനത്തിന് അവസരം ലഭിച്ചു. ഈ കാലയളവില്‍ നാസക്ക് കീഴിലുള്ള ലാങ്‌ലി റിസര്‍ച്ച് സെന്ററിലും ഗൊദാര്‍ദ് സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററിലുമാണ് കലാം പ്രവര്‍ത്തിച്ചത്.

മലയാളിയായ കെ ആര്‍ നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ എത്തിയത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുല്‍ കലാം.

2020 ല്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു നടത്തുന്നതിനിടെയാണ് കലാം നമ്മെ വിട്ടുപോവുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള കര്‍മ്മം ചെയ്യുന്നതിനിടെയാണ് കലാം ഈ ലോകത്തോട് വിട പറയുന്നത്. ഷില്ലോംഗ് ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാം ഈ ലോകത്തോട് വിട പറഞ്ഞു.