Connect with us

Kozhikode

65 ശതമാനം സ്ത്രീകളും പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതായി ക്രൈം മാപ്പിംഗ് റിപ്പോര്‍ട്ട്

Published

|

Last Updated

കോഴക്കോട്: ജില്ലയില്‍ 65 ശതമാനും സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതായി കുടുംബശ്രീയുടെ ക്രൈംമാപ്പിംഗ് സര്‍വേ റിപ്പോര്‍ട്ട്. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സി ഡി എസ്സുകളായി തിരഞ്ഞെടുത്ത മരുതോങ്കര, കാവിലുംപാറ, ചോറോട്, കക്കോടി എന്നീ പഞ്ചായത്തുകളിലെ രണ്ടായിരത്തോളം സ്ത്രീകളിലാണ് സര്‍വ്വെ നടത്തിയത്.
18-34, 35-49, 50 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു വിവരശേഖരണം. ക്രൈംമാപ്പിങ് റിപ്പോര്‍ട്ടിന്റെ പ്രകാശനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വികസന സമിതി യോഗത്തില്‍ എം എല്‍ എമാരും ജില്ലാ കലക്ടറും നിര്‍വഹിച്ചു.
ജില്ലയില്‍ 35 മുതല്‍ 49 വരെ പ്രായമുളള സ്ത്രീകളാണ് ഏറ്റവുമധികം അതിക്രമങ്ങള്‍ക്കിരയാകുന്നത്. 54.3 ശതമാനം പേര്‍. 18 -34 വരെ പ്രായമുളളവര്‍ക്കിടയില്‍ 21.6 ശതമാനവും 50 വയസ്സിന് മുകളിലുളളവരില്‍ 24.1 ശതമാനവും അതിക്രമങ്ങള്‍ക്കിരയാകുന്നതായി സര്‍വേ ഫലം വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് അതിക്രമം നടന്ന സ്ഥലവും സമയവും തരുന്ന സൂചന. ആകെ അതിക്രമങ്ങളില്‍ 23 ശതമാനം വാഹനങ്ങളില്‍വച്ചും 12.9 ശതമാനം ആള്‍ത്തിരക്കുളള പ്രദേശത്തുവച്ചും 10.2 ശതമാനം കവലയില്‍വച്ചും 7.3 ശതമാനം ഇടറോഡുകളിലും 7.2 ശതമാനം ആളൊഴിഞ്ഞ പ്രദേശത്തും നടക്കുന്നു. 96.8 ശതമാനം അക്രമങ്ങള്‍ അക്രമി ഒറ്റയ്ക്കും 3.2 ശതമാനം കൂട്ടം ചേര്‍ന്നും നടത്തിയവയാണ്. 33 ശതമാനത്തോളം അക്രമങ്ങളും മദ്യപാനികളില്‍ നിന്നായിരുന്നു. അതിക്രമി ഏതു വിഭാഗത്തിലെന്ന് പരിശോധിച്ചപ്പോള്‍ 9.8 ശതമാനം അയല്‍വാസി, 4.2 ശതമാനം സുഹൃത്ത്, 2.6 ശതമാനം കുടുംബസുഹൃത്ത്, 1.1 ശതമാനം തൊഴില്‍ സ്ഥാപനത്തിന്റെ ഉടമ, 1.5 ശതമാനം ജോലി മേല്‍നോട്ടം വഹിക്കുന്ന വ്യക്തി, 1 ശതമാനം കൂടെ ജോലി ചെയ്യുന്ന വ്യക്തി, അഞ്ച് ശതമാനം വീട്ട് ജോലിക്ക് വരുന്നയാള്‍, 1.3 ശതമാനം സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍, 1.8 ശതമാനം കുടുംബാംഗം, 3 ശതമാനം അടുത്ത ബന്ധു, 5.4 ശതമാനം ഭര്‍ത്താവ്,2.1 ശതമാനം ചന്തയില്‍ കച്ചവടം നടത്തുന്ന വ്യക്തി, 1.1 ശതമാനം തൊഴിലെടുക്കുന്ന വ്യക്തി, 10.5 ശതമാനം ബസ്സില്‍ തൊഴിലെടുക്കുന്നവര്‍, 3.5 ശതമാനം ചെറിയ വാഹനത്തില്‍ തൊഴിലെടുക്കുന്നവര്‍ എന്ന് വ്യക്തമായി. പഞ്ചായത്ത് പരിധിക്കുളളിലാണ് ഏറ്റവുമധികം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2083 ല്‍ 1161 അതിക്രമങ്ങളും നടന്നിട്ടുളളത് ഇവിടെയാണ്. എന്നാല്‍ പഞ്ചായത്തിന് പുറത്തും സ്ത്രീകള്‍ അക്രമത്തിന് വിധേയരായി. അതിക്രമങ്ങളെ ഇനം തിരിച്ച് വിശകലനം ചെയ്തപ്പോള്‍ 41.1 ശതമാനം സ്ത്രീകളും ശാരീരിക അക്രമങ്ങള്‍ക്ക് വിധേയരായതായി കണ്ടെത്തി. ശരീരത്തില്‍ കടന്ന് പിടിച്ച് ഉപദ്രവം, തോണ്ടല്‍, ബലാത്സംഗം, അശ്ലീല പദപ്രയോഗം, അശ്ലീല പാട്ടുകള്‍, ലൈംഗികാവശ്യത്തിനുളള നിര്‍ബന്ധം, ലൈംഗിക ചുവയുളള ആംഗ്യം, ശരീരപ്രദര്‍ശനം, മൊബൈല്‍ വഴിയുളള അശ്ലീലം എന്നിവയും റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ അതിക്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതായാണ് ക്രൈം മാപ്പിംഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 48.6 ശതമാനം സ്ത്രീകള്‍ക്കും അപ്രതീക്ഷിതമായ അതിക്രമങ്ങള്‍ പ്രതിരോധിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാശനച്ചടങ്ങില്‍ എം എല്‍ എമാരായ എ കെ ശശീന്ദ്രന്‍, ഇ കെ വിജയന്‍, കെ ദാസന്‍, സി കെ നാണു, പിടി എ റഹിം, പുരുഷന്‍ കടലുണ്ടി, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എം കെ രാഘവന്‍ എംപി യുടെ പ്രതിനിധി എ അരവിന്ദന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എം പിയുടെ പ്രതിനിധി സി വി അജിത്, കുടുംബശ്രീ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍, ജെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ രജിത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് സംബന്ധിച്ചു.