വിവാദ ട്വീറ്റുകള്‍ സല്‍മാന്‍ ഖാന്‍ പിന്‍വലിച്ചു

Posted on: July 26, 2015 7:31 pm | Last updated: July 27, 2015 at 5:50 pm

salman khan

ന്യൂഡല്‍ഹി: 1993 മുംബയ് ബോംബ് സ്‌ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ട്വിറ്ററിലിട്ട വിവാദ ട്വീറ്റുകള്‍ പിന്‍വലിച്ചു. ഇന്ന് രാവിലെയായിരുന്നു സല്‍മാന്‍ ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. താനിട്ട ട്വീറ്റുകള്‍ തെറ്റിദ്ധാരണ പരത്തിയേക്കുമെന്ന് അച്ഛന്‍ സലീം ഖാന്‍ പറഞ്ഞെന്നും അതിനാലാണ് ട്വീറ്റുകള്‍ പിന്‍വലിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു. തന്റെ ട്വീറ്റ് കാരണം എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിരുപാധികം മാപ്പ് ചോദിക്കുന്നതായി സല്‍മാന്‍ അറിയിച്ചു.

ട്വിറ്ററിലൂടെ തന്നെയാണ് താരം ഇക്കാര്യവും അറിയിച്ചത്. കുറ്റം ചെയ്ത ടൈഗര്‍ മേമനെ തൂക്കിലേറ്റണമെന്ന് താന്‍ പറഞ്ഞിരുന്നെന്നും ആ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സല്‍മാന്‍ പറഞ്ഞു. ടൈഗറിന് വേണ്ടി യാക്കൂബിനെ തൂക്കിലേറ്റരുതെന്നാണ് താന്‍ പറഞ്ഞത്. യാക്കൂബ് നിരപരാധിയാണെന്ന് പറയുകയോ ഉദ്യേശിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. മുംബയ് സ്‌ഫോടനത്തില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഒരു നിരപരാധിയുടെ മരണമെന്നത് മനുഷ്യത്വത്തിന്റെ നഷ്ടമാണെന്നാണ് താന്‍ ആവര്‍ത്തിച്ച് പറയുന്നത്. തന്റെ ട്വീറ്റുകള്‍ മതത്തിനൊതിരാണെന്ന് വിമര്‍ശിച്ചവരോട് താനെല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും സല്‍മാന്‍ വ്യക്തമാക്കി