Connect with us

Articles

നല്ല മാതാപിതാക്കള്‍; നല്ല കുഞ്ഞുങ്ങള്‍

Published

|

Last Updated

1940 വരെ ഗര്‍ഭകാലം കുട്ടിയുടെ ശാരീരിക വളര്‍ച്ചയെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങളില്‍ അമ്മയുടെ മനോഭാവങ്ങളും വൈകാരിക അവസ്ഥകളും ഗര്‍ഭസ്ഥശിശുവിനെ സ്വാധീനിക്കുമെന്ന് കണ്ടെത്തി. തുടര്‍ പഠനങ്ങളില്‍ മാതാപിതാക്കളും അടുത്തബന്ധുക്കളും മിത്രങ്ങളും കുട്ടിയുടെ മനോഭാവങ്ങളെ സ്വാധീനിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്.
ഗര്‍ഭകാലഘട്ടം ശിശുവിന്റെ സ്വഭാവ രൂപവത്കരണത്തില്‍ ചെലുത്തുന്ന സ്വാധീനം അറിയാത്തവരാണ് ഭൂരിഭാഗവും. ഗര്‍ഭകാലസാഹചര്യങ്ങളും അടുത്തിടപഴകുന്ന വ്യക്തികളുടെയും മാതാപിതാക്കളുടെയും മനോഭാവങ്ങളും പെരുമാറ്റങ്ങളും കുട്ടിയുടെ മനോഭാവത്തിലും സ്വഭാവ രൂപവത്കരണത്തിലും ശക്തമായ സ്വാധീനമാണ് ചെലുത്തുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാതാവിന്റെ ശരീരത്തിലെ അനുകൂല സാഹചര്യങ്ങള്‍ കുഞ്ഞിന്റെ ആകമാന വളര്‍ച്ചയെ സഹായിക്കുന്നു. പ്രതികൂല സാഹചര്യങ്ങള്‍ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. ഇത് പിന്നീടുള്ള വളര്‍ച്ചയേയും ബാധിക്കും.
മൈക്രോസ്‌കോപ്പിലൂടെ കാണാവുന്ന ഒരു കോശം പൂര്‍ണ്ണ വളര്‍ച്ചയെത്തി കുട്ടിയായി വളരുന്നത് ഗര്‍ഭകാലഘട്ടത്തിലാണ്. ഏറ്റവും അപകടസാധ്യതയുള്ള കാലഘട്ടമാണിത്. മനുഷ്യബീജം ശുക്ലാണുവോ അണ്ഡമോ, അത്യന്തം സൂക്ഷ്മമാണെങ്കില്‍ കൂടി അവയില്‍ ശരീരത്തിന്റെ അംഗോപാംഗങ്ങള്‍ വ്യവസ്ഥാപിതമായ വിധത്തില്‍ കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭവിജ്ഞാന ശാസ്ത്രപ്രകാരം അണ്ഡോത്പാദന സമയത്ത് സ്ത്രീകള്‍ കോപിക്കരുത്. പഴകിയ ഭക്ഷണം കഴിക്കരുത്. ദിവാസ്വപ്‌നം കാണരുത്. ഉറക്കെ സംസാരിക്കരുത്. തുടങ്ങിയ ശീലങ്ങള്‍ പാലിക്കണം. സ്ത്രീയില്‍ അണ്ഡോത്പാദന സമയത്ത് അവളുടെ മനോഭാവവും ചിന്തയും എപ്രകാരമാണോ അതുപോലെത്തെ ഗുണങ്ങള്‍ കുട്ടിയില്‍ വികസിച്ചുവരുന്നു. അതുപോലെ പുരുഷനില്‍ ശുക്ലാണു ഉണ്ടാകുമ്പോഴുണ്ടാകുന്ന മനോ ബുദ്ധി വിചാരങ്ങളും ശാരീരിക ലക്ഷണങ്ങളും ശുക്ലാണു വഴി കുട്ടിയിലേക്കിറങ്ങുന്നു.
സന്തതി ദുര്‍ബലനോ ബലശാലിയോ തേജസ്വിയോ ദീനനോ ആകുന്നത് ഭാഗ്യത്തിന്റെ ഫലമാണെന്നും മാതാപിതാക്കള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും ചിലര്‍ ധരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ പരിപൂര്‍ണ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയാല്‍ ഗര്‍ഭധാരണം മുതല്‍ ഗര്‍ഭാവസ്ഥയുടെ അവസാനദിവസം വരെ ഓരോ നിയമവും പാലിച്ചാല്‍ ദുര്‍ബല സന്തതി പിറക്കാതെ നോക്കാനാകും.
ഉത്തമഗുണങ്ങളുള്ള മാതാപിതാക്കള്‍ക്ക് ശ്രേഷ്ഠ ഗുണങ്ങളുള്ള സന്താനങ്ങളുണ്ടാകും. സ്വന്തം കുട്ടിയില്‍ എന്തെല്ലാം ഗുണങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടോ ആ ഗുണവിശേഷങ്ങളൊക്കെ മാതാപിതാക്കള്‍ സ്വയം ആര്‍ജിച്ചെടുക്കണം. സന്താനലബ്ധിക്ക് ശ്രമിക്കുന്നതിന് ഒരുവര്‍ഷം മുമ്പ് ശ്രമങ്ങള്‍ ആരംഭിക്കണം. മാതാവ് രാജ്ഞിയെപ്പോലെയും കുട്ടികള്‍ രാജകുമാരനെപ്പോലെയും വളരാന്‍ പറ്റിയ സാഹചര്യം കുടുംബത്തിലുണ്ടാകണം. ഹിപ്പൊക്രാറ്റസ് ആണ് വൈദ്യശാസ്ത്രത്തിന്റെ പിതാവ്. മാതാവ് അനുഭവിക്കുന്ന വികാര വിചാരങ്ങളെല്ലാം കുട്ടിയെ ബാധിക്കുമെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഓരോ വികാരങ്ങളും അമ്മയുടെ ശരീരത്തില്‍ രാസമാറ്റങ്ങളുണ്ടാക്കും. ആ രാസമാറ്റങ്ങള്‍ കുഞ്ഞിനെ ബാധിക്കും. അമ്മ സന്തോഷവതിയാകുമ്പോള്‍ “എന്‍ഡോര്‍ഫിന്‍” എന്ന ഹോര്‍മോണ്‍ ഉണ്ടാകും. അത് കുഞ്ഞിനെ സന്തോഷ ചിത്തനാക്കും. ഗര്‍ഭിണികള്‍ക്ക് നല്ല സന്തോഷവും നല്ല ഭക്ഷണവും ലഭിച്ചാല്‍ സൗന്ദര്യമുള്ള ശിശുക്കള്‍ ജനിക്കും.
മനസ്സിന്റെ സംവേദനകള്‍ക്ക് രക്തവുമായി ബന്ധമുണ്ട്. അമ്മയുടെ രക്തവുമായുള്ള ഗാഢബന്ധത്താല്‍ അമ്മയുടെ വികാരങ്ങളും സംവേദനകളും ഭാവങ്ങളും കുഞ്ഞിനെ നന്നായി സ്വാധീനിക്കും. അതുകൊണ്ട് ഗര്‍ഭിണി സന്തോഷവതിയായിരിക്കാനുള്ള സാഹചര്യങ്ങള്‍ കുടുംബാംഗ ങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. ഒരു വ്യക്തിയുടെ ഭാവി, ജനനത്തിന് മുമ്പ് അമ്മ ചിന്തിക്കുന്നതുപോലെ തന്നെ നിശ്ചയിക്കപ്പെടുന്നു. ഗര്‍ഭത്തിലായിരിക്കുന്ന ശിശുവിന് അമ്മ ഉന്നതവും ഉദാത്തവുമായ ചിന്തകള്‍ നല്‍കി പരിപാലിക്കണം. ഉത്തമ ചിന്തകള്‍ പഠിപ്പിക്കണം. തത്ഫലമായി ജന്മനാതന്നെ വിശിഷ്ട ഗുണങ്ങളുള്ള കുഞ്ഞുപിറക്കും.
ഗര്‍ഭകാലഘട്ടത്തില്‍ മാതാവിനുണ്ടാകുന്ന വികാര-വിചാരങ്ങള്‍, പരിമുറുക്കങ്ങള്‍, വേദനകള്‍, ദുഃഖം, കോപം എന്നിവയെല്ലാം കുഞ്ഞിനെ ബാധിക്കും. ഉദരത്തില്‍ രൂപം കൊള്ളുന്ന കുഞ്ഞിനെ ഇപ്പോള്‍ വേണ്ട എന്നു ചിന്തിച്ചാല്‍ അത് കുഞ്ഞില്‍ നിഷേധസ്വഭാവം രൂപം കൊള്ളുന്നതിനിടയാക്കും. അണ്ഡവും ബീജവും ഒന്നിക്കുന്ന നിമിഷം തന്നെ 46 ക്രോമസോമുള്ള മനുഷ്യ ജീവന്‍ രൂപപ്പെട്ടുകഴിഞ്ഞു. ജനീവ കോണ്‍ഫറന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് ഡോക്ടേഴ്‌സ,് യുനൈറ്റഡ് നേഷന്‍ ചാര്‍ട്ടര്‍ ഓണ്‍ ചിന്‍ഡ്രണ്‍ എന്നീ സംഘടനകള്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ബീജസങ്കലനം നടക്കുന്ന സമയം മുതല്‍ പ്രസവസമയം വരെ ഒരു മനുഷ്യവ്യക്തിയായിട്ടുവേണം ഗര്‍ഭസ്ഥ ശിശുവിനെ മനസ്സിലാക്കാനും പരിചരിക്കാനും. കുരുന്നു ജീവന് അതിന്റെ ഗര്‍ഭാവസ്ഥയിലും തുടര്‍ന്നുള്ള ഓരോഘട്ടത്തിലും ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് സഹായകമായ പോഷണങ്ങള്‍ നല്‍കി വളര്‍ത്തണം.
ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ മനുഷ്യന്‍ പങ്കുചേരേണ്ടത് നല്ല ഒരുക്കത്തോടും പ്രാര്‍ഥനയോടും കരുതലോടെയും ആകണം. ഗര്‍ഭകാലം മാതാവ് പ്രര്‍ഥനയിലും സത്ചിന്തകളിലും മുഴുകുന്നത് ഗര്‍ഭസ്ഥ ശിശുവിന് സാത്വികഭാവം ഉണ്ടാകുന്നതിനുതകുമെന്ന് പൗരാണിക വിജ്ഞാനം പറയുന്നു. പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചക്കുവേണ്ട എല്ലാ പോഷണവും കിട്ടുന്നതു പോലെ കുഞ്ഞിന്റെ മാനസിക വളര്‍ച്ചക്കുവേണ്ട പോഷണം അമ്മയുടെ മനസ്സില്‍ നിന്നു ലഭിക്കണം. ഗര്‍ഭകാലത്ത് കുഞ്ഞറിയാതെ ഒരു വികാരവും അമ്മയിലൂടെ കടന്നുപോകില്ല. സന്തോഷം, ദുഃഖം, കോപം, ഭയം എന്നീ നാലു വികാരങ്ങളുടെ ഫലമാണ് മറ്റെല്ലാ വികാരങ്ങളും. ഇവയില്‍ സന്തോഷം മാത്രമാണ് കുട്ടിക്ക് ലഭിക്കേണ്ടത്. അതിനായി നല്ല ചിന്തകള്‍, നല്ല പെരുമാറ്റങ്ങള്‍ എന്നിവയുണ്ടാകണം. നല്ല ഗ്രന്ഥങ്ങള്‍ വായിക്കണം. ശുദ്ധമായ ശരീരം, ശുദ്ധമായ മനസ്സ്, ശുദ്ധമായ ആഹാരം, നല്ല അന്തരീക്ഷം ഇതെല്ലാം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്ക് ആവശ്യമാണ്.
(തുടരും)

Latest