മദ്യലഹരിയിലുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു; സ്ത്രീകളും കുട്ടികളും മദ്യത്തിനടിമകള്‍

Posted on: July 26, 2015 4:53 am | Last updated: July 25, 2015 at 9:30 pm

രാജപുരം: മലയോരത്ത് മദ്യലഹരിയിലുള്ള കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ മദ്യലഹരിയില്‍ പതിമൂന്ന് പേരെ പലപ്പോഴായി കൊലപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം സംഭവങ്ങളും പനത്തടി പഞ്ചായത്തിലാണ്. റാണിപുരം റൂട്ടില്‍ പന്തിക്കാല്‍ പുളിയാര്‍ കൊച്ചിയിലെ ബാലകൃഷ്ണന്‍, ചാമുണ്ഡിക്കുന്നിലെ അരുണ്‍ലാല്‍ എന്നിവരെ കൊലപ്പെടുത്തിയതും മദ്യലഹരിയിലായിരുന്നു.
പന്തിക്കാലില്‍ ഭാര്യാസഹോദരനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി. ചാമുണ്ഡിക്കുന്ന് തുമ്പോടിയില്‍ മദ്യലഹരിയില്‍ കലഹിച്ച ഭര്‍ത്താവിനെ ഭാര്യ വിറകുകൊണ്ട് അടിച്ചുകൊന്നു.
ചാമുണ്ഡിക്കുന്ന് ഓട്ടമലയില്‍ അമ്മയും മകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് ചാക്കില്‍കെട്ടി വനത്തില്‍ തള്ളി. മദ്യപിച്ചെത്തി അമ്മയെ തല്ലുന്നത് സഹിക്കാന്‍ കഴിയാതെ മകന്‍ അച്ഛനെ അടിച്ചുകൊല്ലുകയായിരുന്നു. ഇതിനുമുമ്പും ഇതേ പ്രദേശത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നിരുന്നു.
ഓട്ടോറിക്ഷയില്‍ മദ്യം കൊണ്ടുവന്ന് ഓട്ടോറിക്ഷയില്‍ മദ്യം കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് അളവിനുസരിച്ച് വില്‍ക്കുന്ന സമാന്തര ബാറുകള്‍ രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പലയിടത്തുമുണ്ട്. മദ്യപാനം കാരണം പ്രദേശത്ത് ആത്മഹത്യയും പതിവാകുന്നു. മാനടുക്കത്ത് മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിന് പിന്നിലും മാസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു പിന്നിലും വില്ലന്‍ മദ്യമായിരുന്നു.
കുടുംബബന്ധങ്ങള്‍ തകരാറിലാകുന്നതും പതിവാണ്. കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകള്‍ വരെ വ്യാജമദ്യവും ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നു.
അതിര്‍ത്തി പ്രദേശമായ പാണത്തൂര്‍ ചെമ്പേരിയില്‍നിന്നും ബന്തടുക്കയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി പനത്തടി പഞ്ചായത്തിലെ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന വന്‍ ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിലകുറഞ്ഞ മാഹി, ഗോവ മദ്യവും കടത്തിക്കൊണ്ടുവരുന്നു. വാഹനങ്ങളില്‍ വെച്ചുള്ള മദ്യപാനവും പതിവാണ്.
റോഡരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും വാഹനം നിര്‍ത്തിയിട്ടാണ് കമ്പനികൂടുന്നത്. മലയോര ഗ്രാമങ്ങളിലെ ഊടുവഴികളിലും ഉള്‍പ്രദേശങ്ങളിലും വ്യാജ വാറ്റും കര്‍ണാടക മദ്യവുമൊഴുകുന്നതായി പരാതികളുണ്ടായിട്ടും പോലീസ് അനങ്ങുന്നുമില്ല.