രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഗാഡ്കരി

Posted on: July 25, 2015 12:14 am | Last updated: July 25, 2015 at 12:14 am

nitin-gadkari-b2ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവെ മന്ത്രി നിതിന്‍ ഗാഡ്കരി മുന്നറിയിപ്പ് നല്‍കി.
‘സുഷമജി തെറ്റൊന്നും ചെയ്തിട്ടില്ല. ഭരണഘടനക്കൊ നിയമത്തിനൊ എതിരായി ഒന്നും അവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ കോണ്‍ഗ്രസ് അമ്പരന്ന് നില്‍ക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്’ -മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ഗാഡ്കരി പറഞ്ഞു.
ജയില്‍ ശിക്ഷ അര്‍ഹിക്കുന്ന ഒരു ക്രിമിനല്‍ നടപടിയാണ് സുഷമാ സ്വരാജ് ചെയിതിരിക്കുന്നതെന്ന് വ്യാഴാഴ്ച രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ അപമാനിക്കുകയെന്നാല്‍ അത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിന് രാഹുല്‍ ഗാന്ധി മാപ്പുപറയണം. എന്നാല്‍ രാഹുല്‍ ഈ നടപടി തുടര്‍ന്നാല്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യും- ഗാഡ്കരി പറഞ്ഞു.
രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച മുന്‍ ഐ പി എല്‍ മേധാവി ലളിത് മോദിയെ സഹായിക്കുകയും യാത്രാരേഖകള്‍ ശരിപ്പെടുത്താന്‍ ഒത്താശചെയ്യുകയും ചെയ്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവര്‍ രാജിവെക്കണം. വ്യാപം കുംഭകോണത്തിന് കൂട്ടുനിന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സ്ഥാനമൊഴിയണം.-കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരെ ബി ജെ പി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് മറുപടിയായാണ് സുഷമക്കും മറ്റും എതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത് .വാദ്രക്കെതിരെ ലോക്‌സഭയില്‍ ബി ജെ പി അവകാശ ലംഘന നോട്ടീസ് നല്‍കുകയും ചെയ്തു.