രാജ്യത്തിന്റെ അഭിമാനമായി ശ്രീക്കുട്ടി

Posted on: July 23, 2015 5:19 am | Last updated: July 23, 2015 at 12:20 pm

sreekuttyമണ്ണഞ്ചേരി(ആലപ്പുഴ): ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി എസ് പി ശ്രീക്കുട്ടി രാഷ്ട്രത്തിന്റെ അഭിമാന താരമായി. ഹോങ്കോങ്ങില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോ വിഭാഗത്തിലാണ് ആലപ്പുഴ മുഹമ്മ സ്വദേശിനി ശ്രീക്കുട്ടി മികവറിയിച്ചത്. ബെഞ്ച്പ്രസില്‍ വെള്ളിയും സ്‌കോട്ട്,ഡെഡ് വിഭാഗങ്ങളില്‍ വെങ്കലവും നേടാന്‍ ശ്രീക്കുട്ടിക്ക് കഴിഞ്ഞു. മുഹമ്മ എ ബി വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.
നടുവേദനയും വീട്ടിലെ പരാധീനതയും അവഗണിച്ചാണ് ശ്രീക്കുട്ടി ഹോംങ്കോംഗിലേക്ക് പറന്നത്. കായികാധ്യാപകന്‍ വി സവിനയന്റെ ശിക്ഷണത്തിലാണ് നേട്ടം കൊയ്തത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ദേശീയ-സംസ്ഥാന മല്‍സരങ്ങളിലായി 30 ലേറെ സ്വര്‍ണം-വെള്ളി മെഡലുകള്‍ ശ്രീക്കുട്ടി നേടിയിട്ടുണ്ട്.
ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നത് ഇതാദ്യം. എ ബി വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ഇന്ത്യന്‍ ടീം അംഗവുമായ സി അശ്വതി ഇന്ന് 63 കിലോ വിഭാഗത്തില്‍ മല്‍സരിക്കും. ഒരു നാടിന്റെ സ്‌നേഹവായ്പ്പും സഹായവും ഏറ്റുവാങ്ങി കഴിഞ്ഞ 15 നാണ് ശ്രീക്കുട്ടിയും അശ്വതിയും പരിശീലകന്‍ സവിനയനോടൊപ്പം ഹോങ്കോങ്ങിലേയ്ക്ക് യാത്ര തിരിച്ചത്. മുഹമ്മ ചാണിവെളിയില്‍ ശിവപ്രസാദിന്റെയും ശ്രീദേവിയുടെയും മകളാണ് ശ്രീക്കുട്ടി.