Connect with us

Eranakulam

സംസ്ഥാനത്ത് ഗ്രാമീണ കോടതികള്‍ സ്ഥാപിച്ചില്ല; ഫണ്ട് പാഴാകുന്നു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 20.5 കോടിരൂപ പാഴാകുന്നതായി വിവരാവകാശ രേഖ. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് മുപ്പത് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനുള്ള തീരുമാനമാണ് ചുവപ്പുനാടയില്‍ കുരുങ്ങിയത്. നീതി പൗരന്റെ വാതില്‍പടിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്നതിന് 2008ലാണ് പാര്‍ലിമെന്റ് നിയമനിര്‍മാണം നടത്തിയത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ധനസഹായം ഉപയോഗിച്ചു വര്‍ഷങ്ങള്‍ക്കു മുമ്പേ കോടതികള്‍ ആരംഭിച്ചിട്ടും കേരളം ഒരു ഗ്രാമന്യായാലയം പോലും പ്രവര്‍ത്തനക്ഷമമാക്കിയില്ല. ഇതിലെ ജീവനക്കാരുടെ നിയമനാധികാരി ആരാണെന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് ഇതിനുള്ള നടപടികള്‍ വഴിമുട്ടിയത്.
ഓരോ ഗ്രാമന്യായാലയങ്ങളും സ്ഥാപിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 18 ലക്ഷം രൂപ നല്‍കുമെന്നാണ് വ്യവസ്ഥ. 10 ലക്ഷംരൂപ കോടതിയുടെ നിര്‍മാണത്തിനും അഞ്ചുലക്ഷംരൂപ വാഹനംവാങ്ങാനും മൂന്നുലക്ഷം രൂപ ഓഫീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി ചെലവിടാം. ന്യായാലയം ആരംഭിച്ച് മൂന്ന് വര്‍ഷം വരെ 6.4 ലക്ഷം രൂപ വീതം ശമ്പളവും മറ്റു ചെലവുകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേന്ദ്രനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനായി 2012 ഏപ്രില്‍ 13ന് ചട്ടം നിര്‍മിച്ചുവെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. 2011 മാര്‍ച്ച് ഒന്നിന് 30ഗ്രാമന്യായാലയങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ ഭരണാനുമതി നല്‍കിയിരുന്നു.
ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ ശമ്പളമാണ് ന്യായഗ്രാമാലയത്തിലെ ജഡ്ജിയായ ന്യായാധികാരിക്ക് അനുവദിച്ചിട്ടുള്ളത്. സെക്രട്ടറി, മൂന്ന് ക്ലര്‍ക്കുമാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ആമീന്‍,പ്യൂണ്‍,ഡ്രൈവര്‍ എന്നിവരെ ഓരോ കോടതിയിലും നിയമിക്കാം. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാല താമസം ഒഴിവാക്കുന്നതിനും സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീതിലഭിക്കുന്നതിന് പൗരനു തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെയുളളതാണ് ഗ്രാമന്യായാലയങ്ങള്‍. ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നു. സിവിലും ക്രിമിനലുമായ കേസുകള്‍ പരിഗണിക്കാന്‍ ഈ കോടതികള്‍ക്ക് അധികാരമുണ്ട്. കേസുകള്‍ ഫയല്‍ ചെയ്താല്‍ ആറുമാസത്തിനകം കേസുകള്‍ തീര്‍പ്പാക്കും. ഗ്രാമന്യായാലയങ്ങള്‍ തീര്‍പ്പാക്കുന്ന ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ സെഷന്‍സ് കോടതിയും സിവില്‍ കേസുകള്‍ ജില്ലാ കോടതിയും പരിഗണിക്കും. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സര്‍ക്കാറാണ് ജഡ്ജിയുടെ നിയമനം നടത്തേണ്ടത്. സ്റ്റാഫിന്റെ നിയമനാധികാരി അതാതു ജില്ലാ ജഡ്ജിമാരാകുന്ന തരത്തിലുള്ള ഉത്തരവു പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി രജിസ്ട്രാര്‍ആയ എന്‍ അനില്‍കുമാര്‍ 2015 ഫെബ്രുവരി മൂന്നിനും ഏപ്രില്‍ 23നും സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തുകള്‍ നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രാജ്യത്ത് 5,000 ഗ്രാമന്യായാലയങ്ങല്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആറു സംസ്ഥാനങ്ങളിലായി 159 കോടതികളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കോടതികള്‍ മധ്യപ്രദേശിലാണ് 89 എണ്ണം.

 

Latest