ആനവേട്ട: അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടും

Posted on: July 23, 2015 5:40 am | Last updated: July 23, 2015 at 12:41 am

തിരുവനന്തപുരം: ആനവേട്ടക്കേസിലെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ സഹായം തേടുന്നു. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
സി ബി ഐയുമായും ഐ ബിയുമായും ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വൈല്‍ഡ് ലൈഫ് ക്രൈം റെക്കോര്‍ഡ് ബ്യൂറോക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വി എസ് സുനില്‍കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലാംഗസംഘം മഹാരാഷ്ട്രയിലെത്തിയിട്ടുണ്ട്. കേസിനെക്കുറിച്ച് മഹാരാഷ്ട്ര എസ് പിയുമായി സംഘം ആശയവിനിമയം നടത്തിവരികയാണ്. കേസിനെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കേസില്‍ ഇതുവരെ 20 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആനവേട്ടയും ആനക്കൊമ്പ് കച്ചവടവും നടത്തുന്നത് സംബന്ധിച്ച കൂടുതല്‍ ബന്ധങ്ങളെക്കുറിച്ച്് ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. ആനവേട്ട വ്യാപകമാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിലെ 217 ഉദ്യോഗസ്ഥര്‍ 23 സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിവരുന്നത്. ഇന്റലിജന്‍സ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ഫോറസ്റ്റ് കണ്‍ട്രോള്‍ റൂം എന്നിവയുടെ സഹായവും തേടുന്നുണ്ട്. വനംവകുപ്പ് മേധാവിയുടെ അന്വേഷണത്തിന്റെ ഭാഗമായി കൃത്യവിലോപം നടത്തിയ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥരെല്ലാം കള്ളന്മാരാണെന്ന വാദം അംഗീകരിക്കാനാകില്ല. അന്വേഷണസംഘത്തിലുള്ളവര്‍ തീവെട്ടിക്കൊള്ളക്കാരാണെന്ന് പറഞ്ഞാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് വേട്ടക്കാര്‍ക്കായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പിലുള്ളവരെല്ലാം യൂണിഫോമിടാത്ത വെള്ളാനകളാണെന്ന് വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സ്വന്തമായി വനമുണ്ടാക്കി അതിനകത്ത് ഇരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ആനക്കള്ളന്മാര്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണ്. 12 മാസത്തിനുള്ളില്‍ 27 ആനകളെയാണ് വെടിവെച്ചുകൊന്നത്. മറ്റുപല കാരണങ്ങളാല്‍ 37 ആനകള്‍ ചെരിഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ഗ്രൂപ്പുകളിയാണ്. കേസിലെ ഉന്നതബന്ധം പുറത്തുവരാതിരിക്കാന്‍ ഐക്കര വാസുവിനെ കൊലപ്പെടുത്തിയതാണ്.
മന്ത്രി തിരുവഞ്ചൂരിന് വകുപ്പില്‍ യാതൊരു താത്പര്യവുമില്ലെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. ആനവേട്ട തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് സുനില്‍കുമാര്‍ അടിയന്തരപ്രമേയത്തിനാണ് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍, വിഷയം നിയമസഭ നേരത്തെ ചര്‍ച്ച ചെയ്തതാണന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ സബ്മിഷനായി അവതരിപ്പിക്കാന്‍ അനുവദിക്കുകയായിരുന്നു.