ട്രോളിംഗ് തീരുന്നു; മത്സ്യബന്ധന ബോട്ടുകള്‍ അവസാനഘട്ട മിനുക്കുപണിയില്‍

Posted on: July 21, 2015 9:49 am | Last updated: July 21, 2015 at 9:49 am
പൊന്നാനി ഹാര്‍ബറില്‍ അറ്റ കുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍
പൊന്നാനി ഹാര്‍ബറില്‍ അറ്റ കുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍

പൊന്നാനി: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ മത്സ്യബന്ധന ബോട്ടുകള്‍ അവസാനവട്ട മിനുക്കുപണിയില്‍. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ പൊന്നാനി ഫിഷിംഗ് ഹാര്‍ബറിലെ ഒട്ടുമിക്കബോട്ടുകളും അറ്റകുറ്റപണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി കടലിലിറങ്ങാനുള്ള അന്തിമഘട്ട ഒരുക്കത്തിലാണ്. അറ്റകുറ്റപണികള്‍ക്ക് വിദഗ്ധരെ കിട്ടാനില്ലാത്തത് ബോട്ടുടമകളെ ഇത്തവണയും ബുദ്ധിമുട്ടിലാക്കി. കൊച്ചിയില്‍ നിന്നും മുനമ്പത്തുനിന്നും ആശാരിമാരെ കൊണ്ടുവന്നാണ് ബോട്ടുകളുടെ അറ്റകുറ്റപണി നടത്തുന്നത്.
യന്ത്രസാമഗ്രികളുടെ രൂക്ഷമായ വിലവര്‍ദ്ധനവ് അറ്റകുറ്റപണികളുടെ ചിലവ് മൂന്നിരട്ടിയാക്കി. ശരാശരി 50000 രൂപക്ക് പൂര്‍ത്തിയാക്കിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ഒന്നര ലക്ഷം രൂപക്കപ്പുറത്താണ് നിന്നത്. മത്സ്യബന്ധനത്തിനാവശ്യമുള്ള വിവിധ ഇനം വലകള്‍ക്ക് വന്‍ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ബോട്ടിനാവശ്യമുള്ള ചെറിയ സാധനങ്ങള്‍ക്കുപോലും മുനമ്പത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് പൊന്നാനിയിലെയും പരിസരത്തേയും മത്സ്യബന്ധന കേന്ദ്രങ്ങള്‍ക്കുള്ളത്. നാല് ലക്ഷം രൂപവരെ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബോട്ടുകളുണ്ട്. ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ മത്സ്യ സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിച്ചും ബോട്ടുകള്‍ നവീകരിക്കാന്‍ മത്സ്യതൊഴിലാളികളേയും ബോട്ടുടമകളെയും പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സ്യബന്ധന സീസണ്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നില്ല. വലിയ മത്സ്യങ്ങളുടെ ലഭ്യത കുറവും പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങള്‍ക്ക് വിപണിയില്‍ വില ലഭിക്കാത്തതും നഷ്ടങ്ങളുടെ സീസണാണ് മത്സ്യതൊഴിലാളികള്‍ക്ക് സമ്മാനിച്ചത്. ഇത്തവണ ഇതില്‍ നിന്ന് വ്യത്യസ്ഥമായി ചാകര കോളുകള്‍ക്ക് തീരം കൈമാറുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ് തൊഴിലാളികളെ നയിക്കുന്നത്.
രണ്ടും മൂന്നും ദിവസം കടലില്‍ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തിയിട്ടും ഇന്ധന ചിലവ് പോലും തിരിച്ചുകിട്ടാത്ത ദിവസങ്ങളായിരുന്നു കടന്നു പോയത്. അഴിമുഖത്തും ആഴകടലിലും നിരന്തരമായുണ്ടാകുന്ന അപകടങ്ങള്‍ മത്സ്യതൊഴിലാളികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കടലിലേക്കുള്ള വഴിയില്‍ രൂപപ്പെട്ട മണല്‍തിട്ടകളും ചൂഴികളും അപകടങ്ങള്‍ സ്ഥിരം കാരണമാണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തിര ശ്രദ്ധവേണമെന്ന് അധികൃതരോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും പരിഹാര നടപടികള്‍മാത്രം ഉണ്ടായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി തീര്‍ത്ത് കടലിലിറക്കുന്ന ബോട്ടുകള്‍ അപകട സാധ്യതയിലേക്കാണ് സഞ്ചരിക്കുന്നതെന്നത് മത്സ്യതൊഴിലാളികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു.