സൈനിക നടപടിക്കിടെ പാക്കിസ്ഥാനില്‍ ഒമ്പത് തീവ്രവാദി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

Posted on: July 20, 2015 12:16 pm | Last updated: July 20, 2015 at 12:16 pm
SHARE

imagesകറാച്ചി: പാക്കിസ്ഥാനില്‍ ഒമ്പത് തീവ്രവാദി കമന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. പാക് സൈന്യത്തില്‍പ്പെട്ട 44 പേരെ കൊലപ്പെടുത്തിയതില്‍ പങ്കുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം അറിയിച്ചു. തീവ്രവാദികളുടെ വിഹാരകേന്ദ്രമായി പാക്കിസ്ഥാനും അമേരിക്കയും വിശേഷിപ്പിക്കുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ള തീവ്രവാദികള്‍ക്ക് വേണ്ടി സൈന്യം ശക്തമായ തിരച്ചില്‍ തുടരുകയാണ്. പാക്കിസ്ഥാന്‍ സൈന്യത്തെ കണ്ടതോടെ തീവ്രവാദികള്‍ നിറയൊഴിച്ചതായും പാക്കിസ്ഥാന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദികളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. പല സംഭവങ്ങളിലായി നേരത്തെ 44 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍മാര്‍ക്ക് ആ സംഭവങ്ങളില്‍ പങ്കുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്തിടെയായി ബലൂചിസ്ഥാനില്‍ തീവ്രവാദികളുടെ ഇടപെടല്‍ വളരെ ശക്തമായി വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്നതിന് തീവ്രവാദികള്‍ ബലൂചിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയും നാറ്റോ സഖ്യസേനാ വാഹനങ്ങള്‍ക്കെതിരെയും നേരത്തെ നിരവധി തവണ ഇവിടെ ആക്രമണം ഉണ്ടായിരുന്നു. ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് പാക് സൈന്യം ഇപ്പോള്‍ പ്രത്യേക സൈന്യത്തെ ഇറക്കി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.