ബീഹാര്‍ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ അവസാനമെന്ന് സൂചന

Posted on: July 20, 2015 12:12 pm | Last updated: July 20, 2015 at 12:12 pm

bihar
പാറ്റ്‌ന/ന്യൂഡല്‍ഹി: ബി ജെ പിയും ജനതാ പരിവാറും തമ്മിലുള്ള രൂക്ഷ പോരാട്ടം പ്രതീക്ഷിക്കപ്പെടുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ അവസാനത്തിനും നവംബര്‍ ആദ്യത്തിനും ഇടക്കായി നടക്കാന്‍ സാധ്യത. ഉത്സവങ്ങള്‍ക്കിടയിലുള്ള സമയത്ത് വോട്ടെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം തയ്യാറാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സമയക്രമം അന്തിമമായി തീരുമാനിക്കും മുമ്പ് കമ്മീഷന്‍ മുഴുവന്‍ അംഗങ്ങളുമായി ബീഹാര്‍ സന്ദര്‍ശിച്ച് സംസ്ഥാന കമ്മീഷനിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സൈദിയും കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതിയും അടുത്ത മാസം ആദ്യം പാറ്റ്‌നയില്‍ എത്തുമെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്. ഭരണതലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പോലീസ് അധികാരികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും അവര്‍ ചര്‍ച്ച നടത്തും. ദസറ, ദീവാലി ഉത്സവങ്ങളെ ബാധിക്കാത്ത തരത്തില്‍ സമയം കണ്ടെത്തുകയാകും ചെയ്യുക. നാലോ അഞ്ചോ ഘട്ടങ്ങളിലാകും വോട്ടെടുപ്പെന്നാണ് സൂചന. കൃത്യമായ തീയതി കണ്ടെത്തും മുമ്പ് കാലാവസ്ഥാ ഘടകങ്ങള്‍, പരീക്ഷകള്‍, ഉത്സവങ്ങള്‍, പേമാരി- വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയവയാണ് കമ്മീഷന്‍ പരിഗണിക്കാറുള്ളത്.
243 അംഗ സഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. അതിന് മുമ്പ് പുതിയ സഭ നിലവില്‍ വരേണ്ടതുണ്ട്. ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ട ശേഷം ബി ജെ പി ബീഹാര്‍ തിരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യപൂര്‍വമാണ് കാണുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവും കൈകോര്‍ത്തത് ബി ജെ പിക്ക് വെല്ലുവിളിയാകുന്നുണ്ട്.
ബീഹാറില്‍ വിജയിച്ചാല്‍ രാജ്യത്താകമാനം ഇത്തരം കൈകോര്‍ക്കലുകള്‍ ഉണ്ടാകാം എന്നതിനാല്‍ പരിവാര്‍ രാഷ്ട്രീയത്തിന് ബീഹാര്‍ നിര്‍ണായകമാണ്. എന്നാല്‍ ഈയിടെ നടന്ന ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വിജയം അവരെ ആശങ്കയിലാക്കുന്നുണ്ട്. ബീഹാറിന് പിറകേ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം, അസാം എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ബീഹാറില്‍ കരട് വോട്ടര്‍ പട്ടിക ഈ മാസം 31ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി കമ്മീഷന്‍ അയച്ച സംഘം സംസ്ഥാനത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി. വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ സംഘം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകള്‍, പ്രദേശങ്ങള്‍ എന്നിവ മാപ്പ് ചെയ്യുന്നതിനാണ് പ്രധാനമായും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. വ്യാജ വോട്ടര്‍മാര്‍ പട്ടികയില്‍ കടന്നുകൂടുന്നത് തടയാന്‍ നാല് ഓഡിറ്റര്‍ സംഘങ്ങളെയാണ് കമ്മീഷന്‍ ബീഹാറിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോന്നിലും ആറ് ഉദ്യോഗസ്ഥര്‍ വീതം ഉണ്ടാകും.
ബീഹാറിനൊപ്പം മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ കേന്ദ്ര സേനയില്‍ നിന്നുള്ള അംഗങ്ങളെയും മറ്റും ആവശ്യത്തിന് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.
ബീഹാറിലെ ആകെ മണ്ഡലങ്ങളെ മൂന്നായാണ് കമ്മീഷന്‍ തരംതിരിക്കുക. ഇതില്‍ അതീവ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ മുന്‍കൂട്ടി തന്നെ കേന്ദ്ര സേനയെ ഇറക്കും. ഇടത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കൂട്ടി ഒരുക്കും.
വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാര്‍ക്ക് കടലാസില്‍ ഫീഡ് ബാക്ക് നല്‍കുന്ന വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയല്‍(വി വി പി എ ടി) 36 മണ്ഡലങ്ങളില്‍ നടപ്പാക്കും. ആവശ്യമെങ്കില്‍ ഇത് കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കും.