മക്കിക്കൊല്ലി അങ്കണ്‍വാടി ചോര്‍ന്നൊലിക്കുന്നു; ദുരിതം പേറി കുട്ടികള്‍

Posted on: July 17, 2015 9:58 am | Last updated: July 17, 2015 at 10:03 am

wy
മാനന്തവാടി: പിഞ്ചു കുട്ടികളോടുള്ള അധികൃതരുടെ അവഗണന കാണണമെങ്കില്‍ മക്കിക്കൊല്ലി അങ്കണ്‍വാടിയില്‍ ചെന്നു നോക്കണം. മാനന്തവാടി പഞ്ചായത്തിലെ 20 ാം വാര്‍ഡിലുള്ള ഈ 21 ാം നമ്പര്‍ അങ്കണ്‍വാടിയില്‍ അസൗകര്യങ്ങള്‍ മാത്രമാണുള്ളത്. അങ്കണ്‍വാടിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം അധികൃതര്‍ പാടേ നിരസിക്കുകയാണെന്ന ആരോപണമാണുള്ളത്.
2006 07 ലാണ് അങ്കണ്‍വാടിക്ക് മക്കിക്കൊല്ലി റോഡരികില്‍ കെട്ടിടം നിര്‍മ്മിച്ചത്. മൂന്നു മുറികളുള്ള കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുട്ടികളെ ഇരുത്തുന്ന മുറിയുടെ നിലത്തെ സിമന്റ് അവിടവിടെ അടര്‍ന്നു പോയിരിക്കുകയാണ്. മഴയെത്തുമ്പോള്‍ ബക്കറ്റു മറ്റു പാത്രങ്ങളും മുറിയില്‍ കൊണ്ടു വയ്ക്കുകയാണ് പതിവ്. അല്ലെങ്കില്‍ വെള്ളം മുഴുവന്‍ തറയില്‍ പടര്‍ന്നൊഴുകും.
14 ലധികം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയുടെ കക്കൂസിന്റെ വാതില്‍ പാടേ തകര്‍ന്നിരിക്കുകയാണ്. ജനാലകളുടെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ പാകത്തില്‍ വരാന്ത പോലുമില്ല ഇവിടെ.
മഴ ശക്തമായതോടെ അങ്കഅങ്കണ്‍വാടിയില്‍ കുട്ടികളെ ഇരുത്താന്‍ പറ്റാതായി. ഇപ്പോള്‍ സമീപത്തുള്ള കുറുമ്പാലക്കാട്ട് ഷാജിയുടെ കുടുംബത്തിന്റെ സന്‍മനസ്സിലാണ് അങ്കണ്‍വാടിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. ഇവരുടെ വീട്ടിലാണ് അങ്കണവാടി താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു മാസത്തിനകം ഒഴിഞ്ഞു നല്‍കണം. വീട് ഒഴിഞ്ഞു നല്‍കുമ്പോള്‍ കുട്ടികളുമായി എവിടെ പോകണമെന്ന് അങ്കണവാടിയിലെ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമറിയില്ല.
അങ്കണ്‍വാടി കെട്ടിടത്തിന്റെ ചോര്‍ച്ചയ്ക് പരിഹാരം കാണാന്‍ മേല്‍ക്കൂര നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.
മുകളില്‍ ആസ്ബറ്റോസ് വച്ച് താത്ക്കാലികമായി ചോര്‍ച്ച നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ആസ്ബറ്റോസ് വച്ച് താത്കാലികമായി ചോര്‍ച്ച നിര്‍ത്തിയാലും ബലക്ഷയമുള്ള കെട്ടിടത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ പാടാണ്. ആസ്ബറ്റോസ് സ്ഥാപിക്കാനായി അങ്കണവാടിയുടെ സമീപത്ത് ഇറക്കിയ പാറപ്പൊടി മുഴുവന്‍ ശക്തമായ മഴയില്‍ ഒലിച്ച് സമീപത്തെ റോഡിലേക്കൊഴുകുകയാണുണ്ടായത്. മക്കിക്കൊല്ലി അങ്കണവാടിയോടുള്ള അധികൃതരുടെ അവഗണനയില് പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് രക്ഷിതാക്കളും നാട്ടുകാരും.