Connect with us

Palakkad

കെ എസ് ടി പി രണ്ടാം ഘട്ടം 2403 കോടി രൂപയുടെ റോഡ് വികസനത്തിനുള്ള നടപടികള്‍ക്ക് അംഗീകാരമായി: മന്ത്രി കെ എം മാണി

Published

|

Last Updated

മണ്ണാര്‍ക്കാട്: കെ എസ് ടി പി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2403 കോടി രൂപയുടെ റോഡ് വികസനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അംഗീകാരം ലഭിച്ചതായും ഉടന്‍ നടപ്പാക്കുമെന്നും ധനമന്ത്രി കെ എം മാണി. വര്‍മ്മംകോട്-ഇറുമ്പകച്ചോല റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1 കോടി 65 ലക്ഷം രൂപ ചിലവിലാണ് റോഡ് പുനരുദ്ധാരണം നടത്തിയത്. വികസനത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 3000 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 7660 കിലോമീറ്റര്‍ റോഡ് പുതുക്കി നിര്‍മ്മിച്ചു.
യു ഡി എഫ് സര്‍ക്കാര്‍ കര്‍ഷകരുടെ ബന്ധുവാണ്. കഴിഞ്ഞ ബജറ്റുകളിലെല്ലാം കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. റബ്ബര്‍ വിലയിടിവ് കര്‍ഷകരെ ബാധിക്കാതിരിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ-പാലക്കയം റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കും.
എന്‍ ഷംസുദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനാ ജോസഫ്, അഡ്വ. ജേക്കബ് ജോസഫ്, പ്രിയ ടീച്ചര്‍, ഷീലാ തോമസ്, റെജി ജോസ്, കളത്തില്‍ അബ്ദുല്ല, കുശലകുമാര്‍, അഹമ്മദ് അഷ്‌റഫ് സംസാരിച്ചു. ഉദ്ഘാടന ചടങ്ങില്‍ ബി ജെ പിയെ ഒഴിവാക്കിയെന്ന ആരോപണവുമായി ബി.ജെ.പി കാഞ്ഞിരപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടമുറിച്ച് പ്രതീകാത്മക ഉദ്ഘാടനം നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എം എല്‍ എ കെ വി വിജയദാസ് ഉള്‍പ്പടെയുള്ളവര്‍ വിട്ടുനിന്നു.

Latest