വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം: ലാത്തി ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു

Posted on: July 17, 2015 8:39 am | Last updated: July 17, 2015 at 8:39 am

താമരശ്ശേരി: കൂടത്തായി സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷം. നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
പുതുപ്പാടി കാക്കവയല്‍ മഠത്തില്‍ പറമ്പില്‍ ജോണിന്റെ മകന്‍ ആല്‍ബിന്‍ ജോണ്‍(16) ആണ് ഇരുതുള്ളി പുഴയില്‍ മുങ്ങി മരിച്ചത്. വിദ്യാര്‍ഥികളെ പുഴയോരത്തുകൊണ്ടുപോകുന്നത് അപകടം വരുത്തുമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നറിയിപ്പ് അവഗണിച്ചും പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പുഴകാണിക്കാന്‍ കൊണ്ടുപോയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. വിദ്യാര്‍ത്ഥിയുടെ നാടായ പുതുപ്പാടിയില്‍നിന്നും കൂടത്തായി പ്രദേശത്തുനിന്നുമുള്ള ആയിരത്തില്‍പരം ആളുകളാണ് സ്‌കൂള്‍ പരിസരത്ത് സംഘടിച്ചത്. ഇതിനിടെ ഒരുവിഭാഗം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്. പ്രിന്‍സിപ്പല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍, സി ഐ. കെ സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. നാട്ടുകാരെ പിരിച്ചുവിടാന്‍ പലതവണ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചത്.
സംഘര്‍ഷത്തിനിടെ ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.