മടവൂര്‍ സി എം സെന്റര്‍ വയനാട്ടില്‍ ‘സിയാസ്’ ആരംഭിക്കുന്നു

Posted on: July 16, 2015 11:18 pm | Last updated: July 16, 2015 at 11:18 pm

കല്‍പ്പറ്റ: മടവൂര്‍ സി എം വലിയുല്ലാഹി ആണ്ട്‌നേര്‍ച്ചയും ‘സിയാസ്’ ഉദ്ഘാടനവും അടുത്തമാസം ഒമ്പതിന് കൈതക്കല്‍ സിയാസ് ക്യാമ്പസില്‍ നടക്കുമെന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി എം സെന്റര്‍ വയനാട്ടില്‍ ആരംഭിക്കുന്ന ഉന്നത വിദ്യഭ്യാസ പദ്ധതിയാണ് സിയാസ് (സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ആന്റ് അഡ്വാന്‍സ് സറ്റഡിസ്). എസ് എസ് എല്‍ സി കഴിഞ്ഞ നിര്‍ധനരായ വിദ്യര്‍ഥികള്‍ക്ക് റഗുലര്‍ വിദ്യഭ്യാസത്തിന് അവസരമൊരുക്കലാണ് ലക്ഷ്യമാക്കുന്നത്. വയനാട് ജില്ലയിലെ പ്രമുഖ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, തുടര്‍ന്ന് സി എം കോളജ് ഓഫ് ആര്‍ടസ് ആന്റ് സയന്‍സില്‍ ബിരുദ പഠനം, ദേശിയ അന്തര്‍ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഉപരിപഠനം എന്നിവ സിയാസിന്റെ പ്രത്യേകതകളാണ്. ചടങ്ങിനോടനുബന്ധിച്ച് മഹാനായ സി എം വലിയുല്ലാഹിയുടെ പേരിലുള്ള ആണ്ട് നേര്‍ച്ചയും നടക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ സി എം സെന്റര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മുസ്‌ലിംകളുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ സി എം വലിയുല്ലാഹിയുടെ നാമഥേയത്തില്‍ 1991ലാണ് സി എം സെന്റര്‍ മടവൂര്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. നൂതനവും വ്യത്യസ്ഥവുമായ ഒരുപാട് വിദ്യാഭ്യാസ പദ്ധതികള്‍ സെന്റര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ദഅ്‌വ കോളജ്, ഐഫര്‍ അക്കദമി, ശരിഅത്ത് കോളജ്, അഗതി അനാഥ മന്ദിരം, സകൂളുകള്‍, കോളജുകള്‍ തുടങ്ങിയവ സെന്ററിന് കീഴിലായി നടന്നു വരുന്നു. സ്ഥാപനത്തിന് കീഴില്‍ വയനാട് പനമരത്ത് ആരംഭിച്ച ആര്‍ടസ് ആന്റ് സയന്‍സ് കോളജ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കായിരിക്കുകയാണ്. പി ജി ഉള്‍പ്പടെ 10 വ്യത്യസ്ഥ കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്ന കോളജ്, വയനാട് മേഖലയിലെ മികച്ച അക്കാദമിക് സെന്ററായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.