മെഡിക്കല്‍ കോളജ് മോര്‍ച്ചറി തിങ്കളാഴ്ച പുനരാരംഭിക്കും

Posted on: July 16, 2015 10:18 am | Last updated: July 16, 2015 at 10:18 am

മഞ്ചേരി: മെഡിക്കല്‍ കോളജ് മോര്‍ച്ചറി തിങ്കളാഴ്ച പുനരാരംഭിക്കും. ഒരു മാസത്തോളമായി അടച്ചിട്ട മോര്‍ച്ചറി നവീകരിച്ച ശേഷം തിങ്കളാഴ്ച തുറക്കും. പഴയ മോര്‍ച്ചറിയിലെ ടേബിളുകളും അരച്ചുമരും ഒഴിവാക്കി. ആധുനിക സംവിധാനമുള്ള ഓട്ടോപ്‌സി ടേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഒരേ സമയം രണ്ട് മൃതദേങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താം. മെഡിക്കല്‍ കോളജിനു വേണ്ടി കൂടുതല്‍ വിശാലതയും അത്യാധുനിക സംവിധാനങ്ങളുമുള്ള മോര്‍ച്ചറി ഉടന്‍ നിര്‍മിക്കുമെന്ന് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സിറിയക് ജോബ് പറഞ്ഞു. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു കൂടി പോസ്റ്റ്‌മോര്‍ട്ടം പഠിക്കാനാണ് മോര്‍ച്ചറി വിപുലപ്പെടുത്തിയത്. മൂന്നു വര്‍ഷമാകുമ്പോള്‍ ഇവിടെ പി ജി കോഴ്‌സ് വരും. ഇതോടെ പുതിയ മോര്‍ച്ചറിയും വരേണ്ടതുണ്ട്. ഫോറന്‍സിക് വിഭാഗത്തില്‍ നാല് അസോസിയേറ്റ്‌സ് പ്രൊഫസര്‍മാരും ഒരു അസിസ്റ്റന്റ് പ്രൊഫസറും ഒരു ലക്ചററുമുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മികച്ച ഫോറന്‍സിക് വിഭാഗമാണ് സജ്ജമാക്കിയിട്ടുള്ളത്. രാജ്യത്തെ ഇതര മെഡിക്കല്‍ കോളജുകളിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ് മഞ്ചേരിയിലേത്. വിഷം തീണ്ടിയ കേസുകള്‍ക്കായി ടോക്‌സിമിയ അനാലിസിസ് ഉപകരണങ്ങള്‍ ഒരു ഒരുക്കുഴിയിട്ടുണ്ട് പുതിയ ആറുനില അക്കാദമിക് ബ്ലോക്ക് കെട്ടിടം അവസാന മിനുക്കുപണികളിലാണ്.
ഒന്നു രണ്ടു നിലകളില്‍ ലൈബ്രറി, മെഡിക്കല്‍ എജുക്കേഷന്‍ യൂനിറ്റ് (എം ഇ യു), രണ്ടാം നിലയില്‍ ഫാര്‍മക്കോളജി, മൂന്നാം നിലയില്‍ ഫോറന്‍സിക് മെഡിസിന്‍, അഞ്ചാം നിലയില്‍ പരീക്ഷാ വിഭാഗം, ആറാം നിലയില്‍ ഓഡിറ്റോറിയം എന്നിവയാണ് സജ്ജീകരിച്ചിട്ടുളളത്. മറ്റു നിലകളിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ കൂടി എത്തിയാല്‍ കെട്ടിടം ഉദ്ഘാടന സജ്ജമാകും. പ്രീ ഫാബ്രിക്കേറ്റഡ് ഷെഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. ഇതിന്റെ പണി പൂര്‍ത്തിയായാല്‍ ആണ്‍ കുട്ടികളുടെ ഹോസ്റ്റല്‍ ഇങ്ങോട്ടു മാറ്റും. പെണ്‍കുട്ടികള്‍ നിലവിലുള്ള സ്ഥലത്ത് തുടരും. ഈ സെപ്തംബറോടെ 100 കുട്ടികള്‍ക്കു കൂടി ഇവിടെ താമസ സകൗര്യും തയ്യാറാക്കേണ്ടതുണ്ട്. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരേക്കാള്‍ മികച്ചത് നാട്ടുകാരായ ഡോക്ടര്‍മാരാണ്. എങ്കില്‍ മാത്രമേ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കുകയുള്ളൂ. കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളും ആവശ്യമായ ഉപകരണങ്ങളും ഉടന്‍ തയ്യാറാക്കേണ്ടതുണ്ട്.
ട്രോമാ കെയര്‍ യൂനിറ്റും തുടങ്ങണം. ഇതിനാവശ്യമായ വിശാലതയുള്ള അത്യാഹിത വിഭാഗവും ആശുപത്രിക്കാവശ്യമാണ്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ ക്വാര്‍ട്ടേഴ്‌സുകളും സജ്ജമാക്കണം. സ്ഥലമുണ്ടെങ്കിലും കെട്ടിട നിര്‍മാണത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ ഒച്ചിന്റെ വേഗതയിലാണ്. പരിചയ സമ്പന്നരായ ജീവനക്കാരെ തൃശൂരിലേക്കും മറ്റും മാറ്റി. ഒഴിവുള്ള തസ്തികകളിലേക്കു പി എസ് സിക്ക് റിപ്പോര്‍ട്ടയച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റില്‍ നിന്ന് എടുത്തിട്ടില്ല. പി എസ് സിക്ക് രണ്ട് തവണ റിപ്പോര്‍ട്ട് പോയിട്ടും പ്രതികരണമില്ല. ജൂനിയര്‍-സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍, ജൂനിയര്‍-സീനിയര്‍ സൂപ്രണ്ടുമാര്‍, ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജില്‍ 50 കുട്ടികള്‍ മാത്രമാണുള്ളത്. ഇടുക്കിയില്‍ എല്ലാ ജീവനക്കാരുമുണ്ട്. ഇവിടെ അടുത്ത മാസം 300 കുട്ടികളുണ്ടാകും.
എന്നാല്‍ ഇടുക്കിയുടെ പകുതി പോലും ജീവനക്കാരില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവിലുള്ള അധ്യാപകര്‍ മികച്ച നിലവാരമുള്ളവരായതിനാല്‍ ഒന്നാം വര്‍ഷ പരീക്ഷയില്‍ നല്ല റിസള്‍റ്റുണ്ടാക്കാനായി. മറ്റു കോളജുകളിലെ പോലെ സീനിയര്‍ വിഭാഗത്തിന്റെ ബഹളമോ സമരങ്ങളോ ഇല്ലാതെ അച്ചടക്കത്തോടെയുള്ള പഠനവും പരിചയ സമ്പന്നരായ പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്റെ നേതൃത്വവുമാണ് മികച്ച റസല്‍റ്റിനു കാരണം. പ്രാഥമിക സൗകര്യങ്ങള്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ടുമാര്‍, ക്ലാര്‍ക്കുമാര്‍, റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ അഭാവം സ്ഥാപനത്തിന്റെ യശസ്‌നു മങ്ങലേല്‍പ്പിക്കരുതെന്ന് പി ടി എ പക്ഷം.