ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിന് നിയമസഭയുടെ താക്കീത്‌

Posted on: July 15, 2015 1:41 pm | Last updated: July 16, 2015 at 11:46 am

pc-george_3

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്കും പി സി തോമസിനും എതിരായ വിവാദ പരാമര്‍ശം നടത്തിയതിന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. കെ മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ താക്കീത് ചെയ്യണമെന്ന ശുപാര്‍ശ നിയമസഭ അംഗീകരിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സഭയുടെ മേശപ്പുറത്ത് എത്തിയത്. കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെ തന്നെ താക്കീത് ചെയ്യാനുള്ള തീരുമാനം എടുക്കുകയായിരുന്നു. സ്പീക്കര്‍ റൂളിങ്ങും നല്‍കി.

ആദരവോടെ ശിക്ഷ ഏറ്റുവാങ്ങുന്നെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സ്വകാര്യമായി പറഞ്ഞത് ഒളു ക്യാമറയില്‍ പകര്‍ത്തി അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തിപരമായി പറഞ്ഞത് വാര്‍ത്തയാക്കുകയായിരുന്നു. ഇത് തന്നെ അപമാനിക്കാനായിരുന്നെന്നും ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വീട്ടിലിരുന്ന് ഒരു കാര്യവും പറയരുതെന്ന തിരിച്ചറിവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു എം എല്‍ എ യെ താക്കീത് ചെയ്യുന്നത്. എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് റിപ്പോര്‍ട്ട സഭയില്‍ വെച്ചത്. ചീഫ് വിപ്പായിരിക്കെയാണ് ജോര്‍ജ്ജ് വിവാദപരാമര്‍ശം നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. ഒരു സമ്മേളനകാലത്തേക്ക് ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ജി സുധാകരന്‍, സാജു പോള്‍, മാത്യൂ ടി തോമസ് എന്നിവര്‍ അന്ന് ആവശ്യപ്പെട്ടത്. കേവലം താക്കീത് ചെയ്ത് യു ഡി എഫുകാരനായ എം എല്‍ എയെ ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന് ഉന്നയിച്ചാണ് അവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.