Connect with us

Kozhikode

പ്രാഥമിക സൗകര്യമില്ല;പാരലല്‍ കോളജിന്റെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് നിര്‍ത്തിവെപ്പിച്ചു

Published

|

Last Updated

താമരശ്ശേരി: വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കാതെയും പൊതുജനാരോഗ്യ നിയമം പാലിക്കാതെയും പ്രവര്‍ത്തിച്ച പാരലല്‍ കോളജിന്റെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് നിര്‍ത്തിവെപ്പിച്ചു. താമരശ്ശേരി ചുങ്കത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കോളജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയത്. 300 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൂന്ന് മൂത്രപുരകളാണുള്ളത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് കെട്ടിടത്തിന് മുന്‍വശത്തും റോഡരികിലും മലിന ജലം കെട്ടിക്കിടക്കുകയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കോളജ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോളജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയത്. ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മലിന ജലം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികള്‍. ശുചിത്വം പാലിക്കാതെ ചുങ്കം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡണ്‍ ബേക്കറിയും ടീ സ്റ്റാളും അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗംഗാധരന്‍ നായര്‍, ജെ എച്ച് ഐ മാരായ രതീഷ്, പ്രവീണ്‍, അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. പൊതുജനാരോഗ്യ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.