ജാഗ്രത ആവശ്യപ്പെടുന്ന സാമുദായിക ധ്രുവീകരണം

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 12:07 am

muslim
അരുവിക്കര ചരിത്രത്തിന്റെ അവസാനമല്ല. മറ്റൊരു ചരിത്രം ആരംഭിക്കുകയാണ്. ഫ്രാന്‍സിസ് ഫുക്കുയാമ എന്ന അമേരിക്കന്‍ രാഷ്ട്ര മിമാംസകന്‍ 1989ല്‍ എഴുതി പ്രസിദ്ധീകരിച്ച പഠനമായിരുന്നു ചരിത്രത്തിന്റെ അന്ത്യം (ഠവല ലിറ ീള ഒശേെീൃ്യ). ശീതയുദ്ധാനന്തര ലോകത്ത് ആഗോളവ്യാപകമായി ശക്തിപ്രാപിച്ച നവഉദാരവത്കൃത മുതലാളിത്തം(ചലീ ഹശയലൃമഹ രമുശശേഹശാെ) മനുഷ്യചരിത്രത്തിന്റെ അന്ത്യമാണെന്നും പകരം മനുഷ്യ നിര്‍മിതമായ മറ്റൊരു സാമൂഹിക വ്യവസ്ഥ ലോകത്തൊരിടത്തും ഇനിമേല്‍ സാധ്യമല്ലെന്നും ആയിരുന്നു ഫുക്കുയാമയുടെ പ്രവചനം. അതേറെക്കുറെ ശരിവെക്കുന്ന തരത്തിലാണ് തൊട്ടുപിന്നാലെ വന്ന ദശകങ്ങളിലെ സംഭവവികാസങ്ങള്‍. ഫുക്കുയാമയുടെ പ്രബന്ധം കൂടുതല്‍ പ്രകോപിപ്പിച്ചത് മാര്‍ക്‌സിസ്റ്റ് അനുകൂല ചിന്തകരെയാണ്. അവര്‍ ഒട്ടേറെ തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ വാദമുഖങ്ങളെ ഖണ്ഡിക്കുകയുണ്ടായി. സത്യത്തില്‍ ചരിത്രത്തിന്റെ അന്ത്യം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സാക്ഷാല്‍ കാറല്‍മാര്‍ക്‌സ് തന്നെയായിരുന്നു. മനുഷ്യരാശി പ്രകൃതകമ്മ്യൂണിസം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നീ ചരിത്രഘട്ടങ്ങളിലൂടെ കടന്ന് പടിപടിയായി ശാസ്ത്രീയ കമ്മ്യൂണിസം എന്ന അവസ്ഥയിലെത്തുമെന്നും തുടര്‍ന്നങ്ങോട്ട് ചരിത്രം അതിന്റെ യഥാതഥാവസ്ഥയില്‍ തുടരുമെന്നുമായിരുന്നു മാര്‍ക്‌സിന്റെയും എംഗന്‍സിന്റെയും കണ്ടെത്തല്‍.
ഇത്തരം ഒരു ബോധം അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തിയവരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് സുഹൃത്തുക്കളെന്നാണ് സമീപകാല രാഷ്ട്രീയ കാലാവസ്ഥയെ വിശകലനം ചെയ്തുകൊണ്ട് അവര്‍ നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കു തോന്നുക. യഥാര്‍ഥത്തില്‍ എന്താണ് അരുവിക്കരയില്‍ സംഭവിച്ചത്? ഇതിലിത്രമാത്രം ആഹ്ലാദിക്കാനും നാടുനീളെ പടക്കം പൊട്ടിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ സ്വന്തം കൈത്തരിപ്പുതീര്‍ക്കാനും മാത്രം യു ഡി എഫ് കക്ഷികള്‍ക്ക് എന്തവകാശമാണുള്ളത്? പരാജയം സമ്മതിച്ചുകൊണ്ട് ഇത്രമാത്രം കണ്ണീര്‍ വീഴ്ത്താനും വിമര്‍ശകര്‍ക്കു മുന്നില്‍ തല താഴ്ത്തിയിരിക്കാനും പ്രതിപക്ഷ കക്ഷികള്‍ മുതിര്‍ന്നത് എന്തുകൊണ്ടാണ്? ഇവിടെ ആര്‍ക്കാണ് വിജയം? ആര്‍ക്കാണ് പരാജയം? ഇന്ത്യന്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ അന്തര്‍ലീനമായിരിക്കുന്ന ജനാധിപത്യവിരുദ്ധത ഇത്ര പ്രകടമായി മറനീക്കി പ്രത്യക്ഷപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പും അടുത്ത കാലത്തൊന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. വോട്ട് ചെയ്ത 61 ശതമാനം ആളുകളും കേരളത്തിലെ ഗവണ്‍മെന്റിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. കേവലം 39 ശതമാനം വോട്ടര്‍മാരാണ് കാര്‍ത്തികേയപുത്രന് അനുകൂലമായി വോട്ട് ചെയ്തത്. അതെങ്ങനെ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധിയെഴുത്താകും?
എഴുതാപ്പുറം വായിക്കുക എന്നത് നമ്മുടെ ഒരു ശീലമായിപ്പോയി. പലതവണ ആവര്‍ത്തിക്കുന്ന ഏത് നുണയും സത്യമാകും എന്ന തത്വം ആവിഷ്‌കരിച്ച ഗീബല്‍സ് ആയിരിക്കണം ഇവരുടെ രാഷ്ട്രീയഗുരു. അല്ലെങ്കില്‍ പിന്നെ ഭൂരിപക്ഷ ഹിതം പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ തരത്തില്‍ മന്നുടെ തിരഞ്ഞെടുപ്പ് വ്യവസ്ഥ പരിഷ്‌കരിക്കണം എന്നൊരു വിദൂര സ്വപ്‌നമെങ്കിലും ഇടതുപക്ഷത്തു നിന്നോ വലതുപക്ഷത്തുനിന്നോ ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? കക്ഷിരാഷ്ട്രീയത്തോട് അത്രയൊന്നും പ്രതിബദ്ധത പുലര്‍ത്താത്ത കേരളത്തിലെ ഏകദേശം 40 ശതമാനം വോട്ടര്‍മാരാണ് പൊതുവില്‍ ഇവിടുത്തെ തിരഞ്ഞെടുപ്പു വിജയങ്ങളെ സ്വാധീനിക്കുന്നതെന്ന് ഇതിനകം പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഭാഗത്തെ അഭിസംബോധന ചെയ്യാനോ അവരെ സ്വാധീനിക്കാനോ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കാറില്ല. ശ്രമിച്ചാലും ഫലം കാണാറില്ല. ഇവര്‍ സ്വന്തം നിലയില്‍ എത്തിച്ചേരുന്ന നിഗമനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിലെല്ലാം ഒരേ തൂവല്‍ പക്ഷികളെന്നാണ് എന്നതാണ്. ഇവരെ അരാഷ്ട്രീയക്കാരെന്ന മുദ്ര കുത്തി മാറ്റിനിര്‍ത്തുകയാണ് വലതുപക്ഷവും ഇടതുപക്ഷവും. അരാഷ്ട്രീയവാദത്തിന്റെ ചെളിക്കുണ്ടുമായി അത്ര മേല്‍ ഇഴുകിച്ചേര്‍ന്നവരാണ് മേല്‍പ്പറഞ്ഞ 40 ശതമാനവും. അവര്‍ക്ക് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും വി എസ് അച്യുതാനന്ദനും ഒ രാജഗോപാലും എല്ലാം ഒരേപോലെയാണ്. ഓരോ നേതാവും മറ്റേ നേതാവിനെക്കാള്‍ എങ്ങനെ വ്യത്യസ്തനായിരിക്കുന്നു, ഓരോ പാര്‍ട്ടിയും അവരുടെ എതിര്‍പാര്‍ട്ടിയെക്കാള്‍ ഏതൊക്കെ തരത്തില്‍ വ്യത്യസ്തനായിരിക്കുന്നു ഇതൊന്നും വിശദീകരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രീയ വിദ്യാഭ്യാസം ഇപ്പോള്‍ നമുക്കിടയില്‍ നിലനിലക്കുന്നില്ല.
സ്വന്തം മൗലികതകളെ അട്ടത്തുവെച്ച് പ്രതിയോഗിയില്‍ നിന്നും അടവുകളും തന്ത്രങ്ങളും അഭ്യസിക്കുന്നതിനാണ് രാഷ്ട്രീയക്കാര്‍ അവരുടെ ഊര്‍ജം അധികവും വിനിയോഗിക്കുന്നത്. ജനങ്ങള്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യസ്ഥരെന്നു കരുതുന്ന മാധ്യമങ്ങളും ആ പണി ഉപേക്ഷിച്ച മട്ടാണ്. എങ്ങനെ തങ്ങള്‍ക്ക് മറ്റു മാധ്യമ പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ അനുവാചകരെ നേടാം., എങ്ങനെ പരസ്യങ്ങള്‍ വഴി സ്വന്തം റവന്യൂ വര്‍ധിപ്പിക്കാം ഇതിലാണ് എല്ലാ മാധ്യമ മുതലാളിമാരുടെയും ചിന്ത. ഈ രംഗത്ത് വിജയം വരിച്ച മാധ്യമങ്ങളെ പിന്തുടര്‍ന്ന് അതേ വഴി സഞ്ചരിക്കുക. സ്വന്തമായി വഴികള്‍ വെട്ടിത്തെളിക്കാന്‍ അറിയാത്തവര്‍ മുമ്പേ പോയവര്‍ വെട്ടിത്തെളിച്ച അതേ വഴി പിന്തുടരുന്നു. ഒടുവില്‍ എല്ലാവരും കണക്ക് എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ജനം ഇവരെയെല്ലാം കൈയൊഴിയുന്നു.
അരുവിക്കരയിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. വളരെ നല്ലത്. നാട്ടുകാരെ പലതും പഠിപ്പിക്കുന്നവര്‍ സ്വയം വല്ലതും പഠിക്കുന്നത് നല്ലതാണ്. തൊണ്ണൂറുകള്‍ പിന്നിട്ട വി എസ്സും-അറുപതുകള്‍ പിന്നിട്ട പിണറായിയും കോടിയേരിയും കാനം രാജേന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനുമൊക്കെ ഇതൊക്കെ പഠിച്ചുതീരാന്‍ ഇനി എത്രകാലം എടുക്കുമെന്നാണ് സംശയം. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എന്തിനാണീ മുന്നണി രാഷ്ട്രീയം? ഒപ്പം നില്‍ക്കുന്നവരെ വിഴുങ്ങുന്ന വല്യേട്ടന്മാരും എതിര്‍ചേരിയിലെ ചെറുകക്ഷികള്‍ക്കു നേരെ കണ്ണും കൈയുമൊക്കെ കാണിച്ച് കൂടെക്കിടക്കാന്‍ ക്ഷണിക്കുന്ന വന്‍ കക്ഷികളും എന്താണ് ലക്ഷ്യമാക്കുന്നത്? മനസ്സിലാകുന്നില്ല. കടുവയോ സിംഹമോ ഒക്കെ ഇര പിടിക്കുമ്പോള്‍ ഉച്ഛിഷ്ടം ഭക്ഷിക്കാന്‍ ഒപ്പം കൂടുന്ന കാക്കയും കുറുക്കനുമൊക്കെ ആകാനാണ് പല ചെറുകക്ഷികള്‍ക്കും താത്പര്യം. ഇത്തരക്കാരെ അവരുടെ പാട്ടിനു വിട്ടിട്ട് സ്വന്തം രാഷ്ട്രീയം ജനങ്ങളോട് പങ്കുവെക്കുന്നതല്ലേ സാമാന്യ മര്യാദ.
ആര്‍ എസ് പിയെ അടര്‍ത്തിയെടുത്ത വലതുപക്ഷം അടുത്തതായി നോട്ടമിട്ടിരിക്കുന്നത് സി പി ഐയെ ആണ്. സി പി ഐയും സി പി എമ്മും തമ്മില്‍ നിലവില്‍ രാഷ്ട്രീയമായി എന്തഭിപ്രായ വ്യത്യാസമാണുള്ളതെന്ന് വ്യക്തമാകുന്നില്ല. രണ്ട് കക്ഷികളും ദീര്‍ഘകാലമായി ഇങ്ങനെ വേറിട്ട് രണ്ട് കക്ഷികളായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് രണ്ട് കൂട്ടരും തളരുന്നതല്ലാതെ വളര്‍ന്നു കണ്ടില്ല. അനുയായികളെക്കാള്‍ നേതാക്കളുണ്ടായിപ്പോയി എന്നതാണ് ഈ രണ്ട് കക്ഷിക്കും ഒന്നായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന തടസ്സം. യോജിക്കുന്നതു പോകട്ടെ യോജിപ്പിനെക്കുറിച്ച് ചര്‍ച്ചകള്‍ പോലും രണ്ട് പാര്‍ട്ടികളിലും നടക്കുന്നില്ലെന്നതാണ് അവസ്ഥ. ഒരേ ലക്ഷ്യത്തോടെ ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് കക്ഷികള്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ട്രേഡ് യൂനിയനുകള്‍, വിദ്യാര്‍ഥി സംഘടനകള്‍, മഹിളാ സംഘടന, സ്വന്തം പത്രം, സ്വന്തം ചാനല്‍ ഇതൊക്കെ ആര്‍ക്കുവേണ്ടി? എന്തിനു ബഹുജനസംഘടനകളെ പോലും സ്വന്തം കുടക്കീഴില്‍ തന്നെ നിര്‍ത്തണമെന്ന വാശി ആരും ചോദ്യം ചെയ്തുകാണുന്നില്ല. കലാസാഹിത്യ സംഘടനകളില്‍ പോലും എന്തിന് സി പി ഐ, സി പി എം വ്യത്യാസം?. കമ്യൂണിസ്റ്റുകാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് അവരുടെ പാര്‍ട്ടി സ്‌കൂളിനുവേണ്ടി തയ്യാറാക്കുന്ന പാഠ പദ്ധതിയില്‍ ഇത്തരം ചില ചോദ്യാവലികള്‍ കടി ഉള്‍ക്കൊള്ളിക്കുന്നത് നന്നായിരിക്കും.
ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ പഠിക്കേണ്ട ഒരു വിഷയമാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന സാമുദായിക ധ്രുവീകരണം. ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന ധ്രുവീകരണം പോലും മറ്റെന്നതേതിലും അധികം അപകടകരമായ രീതിയിലേക്കു പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഭരണഘടനാ ശില്‍പികളായിരുന്നു ഇങ്ങനെ ഒരു വേര്‍തിരിവിന്റെ പ്രസക്തിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. അവര്‍ ഉദ്ദേശിച്ചത് ഇപ്പോള്‍ നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നതു പോലുള്ള മതപരമോ സാമുദായികമോ ആയ ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവായിരുന്നില്ല. ഒരു തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ട് നേടി വിജയിച്ച രാഷ്ട്രീയ കക്ഷി അവര്‍ക്ക് പ്രതികൂലമായി വോട്ട് ചെയ്ത ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങളെ ഹനിക്കുവാനുള്ള സാധ്യതകള്‍ക്ക് തടയിടുക എന്നതായിരുന്നു ജഫേഴ്‌സനും മറ്റും ന്യൂനപക്ഷ അവകാശം എന്നതുകൊണ്ട് അര്‍ഥമാക്കിയത്. നമ്മുടെ ഭരണഘടനാശില്‍പികള്‍ക്കും ഈ വിഷയത്തില്‍ വഴികാട്ടിയായത് ഏതാണ്ട് അതേ തത്വം തന്നെയായിരുന്നു. തത്വത്തില്‍ എന്തു തന്നെയായിരുന്നാലും പ്രയോഗത്തില്‍ വന്നപ്പോള്‍ അത് ന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശം എന്ന നിലയില്‍ മനസ്സിലാക്കപ്പെട്ടു. മത സാമുദായിക വിഭാഗങ്ങളിലെ സാധാരണ അംഗങ്ങള്‍ക്കല്ല-അത്തരം വിഭാഗങ്ങളെ കാലാകാലമായി നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി ന്യൂനപക്ഷാവകാശങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു എന്ന ആക്ഷേപവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ബി ജെ പിയുടെ ഹിന്ദു വര്‍ഗീയതാവാദത്തെ ഒരു പരിധിവരെയെങ്കിലും കേരളത്തില്‍ തടഞ്ഞുനിര്‍ത്തിയിരുന്നത് സി പി എം പോലുള്ള ഇടതു രാഷ്ട്രീയ കക്ഷികള്‍ക്ക് ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വാധീനം ഒന്നുകൊണ്ട് മാത്രമായിരുന്നു. കോണ്‍ഗ്രസ് അതിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ചൊക്കെ ഊറ്റം കൊള്ളുമെങ്കിലും, ഇന്ത്യാവിഭജനം ഉള്‍െപ്പടെ ഹിന്ദു, മുസ്‌ലിം വിഭാഗീയത ഊതിവീര്‍പ്പിച്ചു നിര്‍ത്തുന്നതില്‍ എന്നും ശ്രദ്ധാലുവായിരുന്നു. അതിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ആ കക്ഷി തുടച്ചുനീക്കപ്പെടുന്ന അവസ്ഥ സംജാതമായത്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു പ്രചാരണായുധം കമ്മ്യൂണിസ്റ്റ് വിരോധം മാത്രമായിരുന്നു. കേരളത്തിന്റെ ഭൗതികസമ്പത്തിന്റെ 60 ശതമാനവും കൈയടക്കിവെക്കാന്‍ അവസരം ലഭിച്ച 40 ശതമാനം, ക്രൈസ്തവരില്‍ സിംഹഭാഗവും മുസ്‌ലിം സമുദായത്തിലെ സമ്പന്ന വര്‍ഗവുമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലെ സ്ഥിരനിക്ഷേപകര്‍. 1957ലെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ അകാരണമായ ഭയം ഉത്പാദിപ്പിച്ചു ക്രൈസ്തവ മുസ്‌ലിം വോട്ടുകളെ തങ്ങക്ക് അനുകൂലമാക്കി നിലനിര്‍ത്താന്‍ കരുണാകരന്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കനായാസം കഴിഞ്ഞിരുന്നു. അരുവിക്കരയിലും ഇതേ തന്ത്രം പയറ്റി അവരുടെ സീറ്റുനിലനിര്‍ത്താന്‍ കഴിഞ്ഞു.
തങ്ങളോടൊപ്പം നിന്നിരുന്ന ഈഴവാദി പിന്നാക്ക വിഭാഗങ്ങള്‍ക്കു കൃത്യമായ രാഷ്ട്രീയ ദിശാബോധം പകര്‍ന്നുകൊടുക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പിഴവുപറ്റി. അവരും ക്രൈസ്തവ -മുസ്‌ലിം മാതൃകയിലുള്ള സമുദായിക കൂട്ടായ്മകള്‍ സൃഷ്ടിച്ച് മാര്‍ക്‌സിസം മുന്നോട്ടുവെച്ച വാഗ്ദത്ത ഭൂമി എന്ന സ്വപ്‌നം പാതി വഴിയില്‍ ഉപേക്ഷിക്കുകയും തൊഗാഡിയമാരെ പോലുള്ള ഹിന്ദുത്വ തീവ്രവാദികള്‍ക്കു ഒളിച്ചു പ്രവേശിക്കാന്‍ പാകത്തില്‍ അവരുടെ പിന്‍വാതിലുകള്‍ തുറന്നിടുകയും ചെയ്തു. സ്വന്തം ഭവനത്തില്‍ അതിക്രമിച്ചു കടന്ന ജാരനെ മുഖാമുഖം കണ്ടതിന്റെ ജാള്യതയാണ് പണ്ടേതന്നെ ഗൗരവം ഒരലങ്കാരമായി കൊണ്ടുനടന്നിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖത്തു ഈയിടെയായി കാണപ്പെടുന്നത്. ഇത് മറച്ചുവെക്കാന്‍ ജാരന്‍ തങ്ങളുടെ പാളയത്തില്‍ മാത്രമല്ല കോണ്‍ഗ്രസു കൂടാരത്തിലും കയറിക്കഴിഞ്ഞു എന്ന് ആശ്വസിക്കുന്നെങ്കില്‍ അതൊരു കൃത്രിമാശ്വാസം മാത്രമായിരിക്കും എന്നു പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.
(കെ സി വര്‍ഗീസ്, ഫോണ്‍:9446268581)