Connect with us

Articles

കയറരുത് ശിവന്‍കുട്ടീ, കയറരുത്

Published

|

Last Updated

പൊട്ടലും ചീറ്റലും ഇടക്കിടെ സംഭവിച്ചു കൊണ്ടിരുന്നു, ഒന്നും ഒരു പൊട്ടിത്തെറിയിലെത്തിയതുമില്ല. ഈയൊരവസ്ഥയിലായിരുന്നു ഇന്നലെ സഭാതലം. വിഷയം വിട്ടുപോകാത്ത ചര്‍ച്ചകളായിരുന്നെങ്കിലും പൊട്ടിത്തെറിയുടെ സാഹചര്യം ഇടക്കിടെ രൂപപ്പെട്ടു. ആദ്യരംഗം ശൂന്യവേളയില്‍. രണ്ടാമത്തേത് ചര്‍ച്ചാവേളയിലും. ഉദുമയിലെ പിഞ്ചുബാലന്റെ കൊലപാതകം വിഷയമാക്കി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയമായിരുന്നു രംഗം. അവതരണാനുമതി തേടിയത് ഇ പി ജയരാജന്‍. അതിനുമുമ്പെ സബ്മിഷന്‍ നല്‍കിയ എന്‍ എ നെല്ലിക്കുന്നിന് ഇത് സഹിച്ചില്ല.
ജയരാജന്റെ പ്രസംഗത്തിന് പിന്നാലെ സ്ഥലം എം എല്‍ എയെന്ന ആനുകൂല്യത്തില്‍ കെ കുഞ്ഞിരാമനും സംസാരിച്ചതോടെ ലീഗ് അംഗങ്ങള്‍ ഒന്നടങ്കം ഇളകി. ഒരു വാക്ക് പറയാന്‍ നെല്ലിക്കുന്നിനും അവസരം നല്‍കണം. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ ലീഗ് അംഗങ്ങള്‍ മിനിമം ഡിമാന്‍ഡ് മുന്നോട്ടുവെച്ചു. സ്ഥലം എം എല്‍ എമാത്രം സംസാരിച്ചാല്‍ മതിയെന്ന റൂളിംഗ് നേരത്തെ നല്‍കിയതിനാല്‍ ആവുംവിധം സ്പിക്കര്‍ എന്‍ ശക്തന്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും ലീഗുകാര്‍ വഴങ്ങിയില്ല. ആവശ്യം ബഹളത്തിലേക്ക് നീങ്ങിയതോടെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു. ഒരു മിനുട്ട് നെല്ലിക്കുന്ന് സംസാരിച്ചാല്‍ എന്താണതില്‍ കുഴപ്പം.? കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം വന്നതോടെ മുഖ്യമന്ത്രി ഇടപെട്ടു. റൂളിംഗ് പുനപരിശോധിച്ച സ്പീക്കര്‍ നെല്ലിക്കുന്നിന് അവസരവും നല്‍കി.
ജയരാജന്റെ അടിയന്തിരപ്രമേയം കൊല്ലപ്പെട്ട കുട്ടിയോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും ആഗോള രാഷ്ട്രീയം പറയാനാണ് സമയം ഉപയോഗിച്ചതെന്നുമായി നെല്ലിക്കുന്ന്. കീഴ്‌വഴക്കം ലംഘിച്ച് കിട്ടിയ അവസരം തങ്ങളെ അടിക്കാന്‍ ഉപയോഗിച്ചതോടെ പ്രതിപക്ഷം ഇളകി. നടുത്തളവും വിട്ട് സ്പീക്കറുടെ ഡയസിലേക്ക് കയറുമെന്നായി. കയറരുത് ശിവന്‍ കുട്ടീ കയറരുത്. സ്പീക്കറുടെ റൂളിംഗിന് അഭ്യര്‍ഥനയുടെ സ്വരം വന്നതോടെ പ്രതിപക്ഷം ഒന്ന് തണുത്തു. മുതിര്‍ന്ന അംഗങ്ങളുടെ ഇടപെടലില്‍ തല്‍ക്കാലം ആ പ്രശ്‌നം പരിഹരിച്ചു. മുമ്പൊരു ദിവസം സമാന പ്രശ്‌നം ഉയര്‍ന്നപ്പോള്‍ കെ അജിത്തിന് അവസരം നല്‍കാതിരുന്നത് പട്ടിക ജാതിക്കാരനായത് കൊണ്ടാണോയെന്ന് സി ദിവാകരന്‍ സംശയിച്ചു.
പ്രവാസിക്ഷേമം, തൊഴില്‍, സഹകരണം വകുപ്പുകളുടെ ധനാഭ്യര്‍ഥനയുടെ ചര്‍ച്ചാവേളയിലായിരുന്നു അടുത്ത പ്രശ്‌നം. നിയമസഭയില്‍ സി പി എം നടത്തിയ സമരം ഏത് ഗണത്തില്‍പ്പെടുത്തുമെന്ന ആര്‍ സെല്‍വരാജിന്റെ ഗവേഷണമാണ് ക്രമസമാധാന പ്രശ്‌നമായത്. വര്‍ഗ സമരം, രാഷ്ട്രീയ സമരം, ആശയ സമരം തുടങ്ങിയവയാണ് സി പി എം നിഘണ്ടുവിലെ സമരം. സ്പീക്കറുടെ ഡയസ് അടിച്ചുതകര്‍ത്തതും പുരുഷ എം എല്‍ എമാരെ കടിച്ചു വലിച്ചതുമെല്ലാം ഇതില്‍ ഏതില്‍പ്പെടുമെന്നായിരുന്നു സെല്‍വരാജിന്റെ ചോദ്യം. ഇടക്ക് കയറി വന്ന അണ്‍പാര്‍ലമെന്ററി പദപ്രയോഗം രേഖയില്‍ നിന്ന് നീക്കിയെങ്കിലും കെ കെ ലതികയെ എടീ യെന്ന് വിളിച്ചതോടെ കാര്യങ്ങളുടെ കിടപ്പ് മാറി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷ ബെഞ്ചിനടുത്തേക്ക് നീങ്ങി. വാഗ്വാദം ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന സാഹചര്യം. ചെയറിലുണ്ടായിരുന്ന രാജു എബ്രഹാം സഭ നിര്‍ത്തിവെച്ചു. സ്പീക്കറെത്തി എല്ലാം രേഖയില്‍ നിന്ന് നീക്കിയതോടെയാണ് ഈ പ്രശ്‌നം തീര്‍ന്നത്.
തൊഴില്‍ മേഖലയില്‍ കരിനിയമങ്ങള്‍ക്കെതിരായ പൊതുവികാരമായിരുന്നു തൊഴില്‍ വകുപ്പിന്റെ ചര്‍ച്ചയില്‍. പ്രവാസി ക്ഷേമത്തിനായി പുതിയ പദ്ധതി നിര്‍ദേശങ്ങളും സമര്‍പ്പിക്കപ്പെട്ടു. കരി നിയമങ്ങള്‍ എതിര്‍ക്കാതെ ആര്‍ എസ് എസിനും ബി ജെ പിക്കും മുന്നില്‍ സര്‍ക്കാറിന് മുട്ടിടക്കുകയാണെന്ന് പി കെ ഗുരുദാസന്‍ കുറ്റപ്പെടുത്തി. ഈ നയങ്ങളോടൊന്നും സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷമുണ്ടാകില്ലെന്ന് അറിയുന്നതിനാല്‍ ഇടക്ക് ഇടപെട്ട് ഷിബു പറഞ്ഞു. ഈ അഭിപ്രായം യു ടി യു സിയുടേത് മാത്രമാണെന്നും മന്ത്രിയെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നും ഗുരുദാസനും.
കോര്‍പ്പറേറ്റുകളോടാണ് സര്‍ക്കാറിന് താല്‍പര്യമെന്ന് ഇ എസ് ബിജിമോള്‍. വകുപ്പാകട്ടെ നിഷ്‌ക്രിയവും. എന്നാല്‍, സക്രിയമായ നാല് വര്‍ഷങ്ങളാണ് കടന്ന് പോകുന്നതെന്ന് ഡോ. എന്‍ ജയരാജ് നിരീക്ഷിച്ചു. സഹകരണ വകുപ്പില്‍ കാണുന്നതാകട്ടെ മാനവീയ മുഖവും. ക്ഷേമനിധികളുടെ എണ്ണം കുറക്കണമെന്നും സമാന സ്വഭാവമുള്ളവയെ യോജിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നഴ്‌സിംഗ് മേഖലയിലെ സുരക്ഷിതത്വം മാത്രം മതി എ എ അസീസിന് തൊഴില്‍ വകുപ്പിനെ അഭിനന്ദിക്കാന്‍. സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളുമായിരുന്നവരെല്ലാം കോര്‍പ്പറേറ്റുകളാകുന്നതില്‍ സി കെ നാണുവും ആശങ്കപ്പെട്ടു.

Latest