വിശ്വാസി സാഗരം സാക്ഷി; മഅ്ദിന്‍ പ്രാര്‍ഥനാസമ്മേളനത്തിന് ഉജ്ജ്വല സമാപനം

Posted on: July 14, 2015 5:39 am | Last updated: July 17, 2015 at 12:11 am
khaleel thangal
റമസാന്‍ 27ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തുന്നു

മലപ്പുറം: പ്രാര്‍ഥനകളുടെ പുണ്യവും പാരസ്പര്യത്തിനായുള്ള പ്രതിജ്ഞയും ഹൃദയമേറ്റിയ വിശ്വാസികളുടെ അപൂര്‍വസംഗമമൊരുക്കി മഅ്ദിന്‍ പ്രാര്‍ഥനാസമ്മേളനത്തിനു പ്രൗഢ സമാപനം. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി വിശ്വാസികള്‍ ആത്മ ചൈതന്യം കരഗതമാക്കി. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായുള്ള തേട്ടങ്ങളും തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു വിശുദ്ധ റമസാനിലെ രാജ്യത്തെ ഏറ്റവുംവലിയ ആത്മീയസംഗമത്തില്‍ നിന്ന് മുഴങ്ങിക്കേട്ടത്.
പുണ്യദിനത്തിലെ ഒരുനിമിഷംപോലും പാഴാക്കാതെ ദിക്‌റുകളും തസ്ബീഹുകളുമായി ഒത്തുചേര്‍ന്നവര്‍ ഒരുമയുടെ മാതൃകകളായി ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൗകര്യമൊരുക്കിയിരുന്നത്.
മഗ്‌രിബ് നിസ്‌കാരാനന്തരം സമൂഹ മയ്യിത്ത് നിസ്‌കാരവും തസ്ബീഹ് നിസ്‌കാരവും അവ്വാബീന്‍ നിസ്‌കാരവും നടന്നു. ഇശാഅ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് ഗ്രാന്റ്മസ്ജിദ് നിറഞ്ഞുകവിഞ്ഞപ്പോള്‍ വിശ്വാസികളുടെ സ്വഫ്ഫുകള്‍ ഗ്രൗണ്ടിലേക്കു നീണ്ടു. വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും മനംനിറക്കുന്ന പ്രാര്‍ഥനയും ഈ നഗരിയുടെ അപൂര്‍വാനുഭവമായി.
സ്വാഗതസംഘം കണ്‍വീനര്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ 9.45ന് മുഖ്യവേദിയിലെ പരിപാടികള്‍ ആരംഭിച്ചു. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ഹദ്ദാദ് റാതിബ് പ്രാര്‍ഥനകള്‍ക്ക് കോട്ടൂര്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കി. സമസ്തകേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നിജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാരിയത് സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും സമസ്ത അധ്യക്ഷന്‍ നേതൃത്വംനല്‍കി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
ശത്രുതയും അസൂയയും ആര്‍ത്തിയും അടക്കിനിര്‍ത്താനുള്ള സന്ദേശമാണ് റമസാന്‍ നല്‍കുന്നതെന്ന് അദ്ദേഹം ഉണര്‍ത്തി. മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ സ്‌നേഹമായിരിക്കണം നമ്മുടെ ഭാഷ. ഗുരുവന്ദനം, മാതൃവന്ദനം, പിതൃവന്ദനം എന്നീമൂന്ന് ശിലകളിലാണ് മനുഷ്യന്റെ വിജയം കുടികൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒരുമിപ്പിക്കാനും അടുപ്പിക്കാനും കാരണമാവേണ്ട സോഷ്യല്‍ മീഡിയ ഛിദ്രതക്കും വിദ്വേഷ പ്രചാരണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ചൊല്ലിക്കൊടുത്ത ഭീകര വിരുദ്ധ പ്രതിജ്ഞ ജനലക്ഷങ്ങള്‍ ഏറ്റു ചൊല്ലി. ഇസ്‌ലാമിന്റെ കാതലായ ശാന്തിക്കും സമാധാനത്തിനും വേണ്ടി അര്‍പ്പണം ചെയ്യുന്നുവെന്നും രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്നും വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ദൃഢനിശ്ചയം ചെയ്തു. തൗബ, സമൂഹപ്രാര്‍ഥന എന്നിവക്കുശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഗമത്തിനു തിരശ്ശീലവീണത്. സയ്യിദ് യൂസുഫുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. സയ്യിദ് പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, വയനാട് ഹസന്‍ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിരതന്നെ പ്രാര്‍ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി. എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ എന്നിവര്‍ സംബന്ധിച്ചു.
സ്വലാത്ത്‌നഗറിലെ മുഖ്യവേദിയിലും വിവിധ ഗ്രൗണ്ടുകളിലും ദേശീയപാതയോരത്തും വിശ്വാസികള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും മെഡിക്കല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റും സജ്ജീകരിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ഥനയില്‍ സംബന്ധിക്കാനും തത്‌സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി തങ്ങളുടെ ഹദീസ് പാഠത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. രണ്ട് മണിക്ക് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി. കന്‍സുല്‍ അര്‍ശ്, അഅഌമുസ്വലാത്ത്. ബദര്‍ ബൈത്ത് എന്നിവക്ക് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.
വൈകുന്നേരം നാലിന് ഖത്തറിലെ ശൈഖ് മുഹ്മൂദ് അനാനിയും മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളും ചേര്‍ന്നുള്ള ബുര്‍ദ പാരായണം നടന്നു.