വിസ്മയം തീര്‍ത്ത് മാജിക് പ്ലാനറ്റില്‍ വടാരോഹണ ജാലവിദ്യ

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:47 am

tvm@ magic(p-12)തിരുവനന്തപുരം: മാന്ത്രികന്റെ മകുടി സംഗീതത്തിനൊത്ത് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയ കയറില്‍ കുട്ടി പിടിച്ചുകയറി. കയറിന്റെ തുഞ്ചത്തെത്തിയ അവന്‍ കാണികള്‍ക്ക് നേരെ കൈവീശി. മാന്ത്രികന്റെ നിര്‍ദേശാനുസരണം കയറില്‍ നിന്ന് കുട്ടി ഇറങ്ങിയ നിമിഷം തന്നെ കയര്‍ ആടിയുലഞ്ഞ് നിലത്തുവീണു. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ സമ്മാനിച്ച് മാജിക് പ്ലാനറ്റില്‍ ഇന്നലെ വടാരോഹണ ജാലവിദ്യ അരങ്ങേറി. ഇന്ത്യന്‍ ജാലവിദ്യാ രംഗത്ത് ഇന്നും പിടികിട്ടാത്ത അത്ഭുതമായി മാറിയ വടാരോഹണ ജാലവിദ്യാവണതരണം സ്പീക്കര്‍ എന്‍ ശക്തന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലോകായുക്ത ജഡ്ജി കെ പി ബാലചന്ദ്രന്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവേഷണ വിദ്യാര്‍ഥിയും മാന്ത്രികനുമായ പീറ്റര്‍ ലെമണ്ട് അടക്കമുള്ള പല വിദേശീയരും ഈ ജാലവിദ്യ അവതരിപ്പിച്ചിട്ടില്ലെന്നും അവതരിപ്പിക്കുവാനാകില്ലെന്നും അവകാശപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് മാജിക് പ്ലാനറ്റില്‍ ഈ അപൂര്‍വ ജാലവിദ്യക്ക് അരങ്ങൊരുങ്ങിയത്. മാന്ത്രികന്‍ യുവകൃഷ്ണയാണ് വടാരോഹണ ജാലവിദ്യക്ക് നേതൃത്വം നല്‍കിയത്. രാവിലെ തന്നെ മാജിക് പ്ലാനറ്റിലെത്തിയ സ്പീക്കര്‍ വൈകുന്നേരം വരെ വിസ്മയങ്ങളുടെ ലോകത്ത് ചെലവഴിച്ചു. ഇന്ദ്രജാലത്തിന്റെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചുകാണാന്‍ കഴിയുന്ന ഒരിടമെന്ന സവിശേഷത മാജിക് പ്ലാനറ്റിന് മാത്രമേ അവകാശപ്പെടാന്‍ കഴിയൂവെന്നും ജാലവിദ്യയുടെയും ജാലവിദ്യക്കാരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള ഈ ഉദ്യമം തികച്ചും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചടി നീളമുള്ള കയര്‍ കാണികള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് മാന്ത്രികന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ആ കയര്‍ വേദിയില്‍ സ്ഥാപിച്ചിരുന്ന ഒരു കുട്ടയിലേക്ക് നിക്ഷേപിക്കുകയായിരുന്നു. മാസ്മരിക സംഗീതത്തിനൊത്ത് ഉയര്‍ന്നു നിന്ന ആ കയറിലേക്കാണ് കുട്ടി പിടിച്ചുകയറി കാണികള്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്തത്. കുട്ടി തിരിച്ചിറങ്ങി കയര്‍ പൂര്‍വ സ്ഥിതിയിലായതോടെ വടാരോഹണ വിദ്യക്ക് സമാപനമായി. പേര്‍ഷ്യന്‍ സഞ്ചാരിയായ ഇബ്‌നൂബത്തൂത്ത തന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയ പ്രകാരം നടന്ന ഈ അത്ഭുതജാലവിദ്യ ഏവര്‍ക്കും കൗതുകം പകരുന്ന ഒന്നായി മാറി.
ഭാരതീയ ജാലവിദ്യയുടെ പൊന്‍തൂവലുകളായ വടാരോഹണ ജാലവിദ്യയും മാങ്ങയണ്ടി മണ്ണില്‍ കുഴിച്ചിട്ട് നിമിഷനേരത്തിനുള്ളില്‍ മാവായി വളര്‍ത്തിയെടുക്കുന്ന ഗ്രീന്‍ മാംഗോ ട്രീ മാജിക്കും മാജിക് പ്ലാനറ്റില്‍ ഇനി എല്ലാ ദിവസവും അവതരിപ്പിക്കുമെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. തെരുവ് മാന്ത്രികനായ അലിയാണ് ഗ്രീന്‍ മാംഗോ ട്രീ മാജിക് അവതരിപ്പിക്കുന്നത്.