Connect with us

International

ഗ്രീക്ക് പ്രതിസന്ധി: യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ഉപേക്ഷിച്ചു

Published

|

Last Updated

ബ്രസ്സല്‍സ്: ഗ്രീക്ക് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂനിയന്റെ 28 അഗരാജ്യങ്ങളും പങ്കെടുക്കുന്ന പൂര്‍ണ ഉച്ചകോടി വിളിച്ചുചേര്‍ക്കാനുള്ള നീക്കം താത്കാലികമായി ഉപേക്ഷിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് ഗ്രീസിനും അവരുമായി ചര്‍ച്ച നടത്തുന്ന യൂറോസോണ്‍ ധനകാര്യ മന്ത്രിമാര്‍ക്കും സാവകാശം നല്‍കുന്നതിന് വേണ്ടിയാണ് ഉച്ചകോടി റദ്ദാക്കിയത്.
യൂറോസോണിലെ 19 മന്ത്രിമാരുടെ കൂടിക്കാഴ്ച തുടരുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. പാപ്പര്‍സൂട്ടാകുന്നതില്‍ രക്ഷപ്പെടുന്നതിനും 2018 വരെ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട കടം വീട്ടുന്നതിനുമായി 5900 കോടി ഡോളറിന്റെ രക്ഷാപാക്കേജ് ലഭിക്കാനുള്ള ശ്രമത്തിനിടെ ഗ്രീസ് ഹിതപരിശോധനാ ഫലത്തിന് വിപരീതമായുള്ള വിട്ടുവീഴ്ചക്ക് ഗ്രീക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പുതിയ ഗ്രീക്ക് രേഖയില്‍ ഷിപ്പിംഗ് കമ്പനികളുടെ നികുതി കൂട്ടുമെന്ന് വ്യക്തമാക്കുന്നുണ്ട്. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കും.
2016ഓടെ പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോയുടെ കുറവ് വരുത്തും, ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കും, തുറമുഖങ്ങളുടെ സ്വകാര്യവത്കരണം ശക്തമാക്കും, നികുതി അവധികള്‍ പൂര്‍ണമായി പിന്‍വലിക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ ഉള്ളത്. മുന്‍ നിലപാടില്‍ നിന്ന് ഇടത് ആഭിമുഖ്യമുള്ള ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ഏറെ പിറകോട്ട് പോയിട്ടും ഇ യു നേതൃത്വത്തിന്റെ അവിശ്വാസം മാറിയിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ജര്‍മനിയാണ് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഈ എതിര്‍പ്പ് തുടരുകയും ഒരു ധാരണയില്‍ എത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഗ്രീസ് യൂറോസോണില്‍ നിന്ന് പുറത്ത് കടക്കുന്ന സ്ഥിതി ഉണ്ടാകാം.
ഇത് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് വിശാല ഉച്ചകോടി റദ്ദാക്കിയിരിക്കുന്നത്. ഗ്രീസില്‍ ബേങ്കുകള്‍ ഇന്നലെയും അടഞ്ഞു കിടക്കുകയാണ്. ഗ്രീക്ക് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യൂറോ സോണ്‍ നേതാക്കളുടെ യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്. ഒമ്പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലും വ്യക്തമായ ധാരണയിലെത്താനായില്ല. വിഷയം ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഒമ്പത് മണിക്കൂര്‍ നീണ്ട യോഗ ശേഷം യൂറോ ഗ്രൂപ്പ് മേധാവി ജെറോയെന്‍ ഡിസ്സെല്‍ബ്ലോയം പ്രതികരിച്ചത്.
ഗ്രീസിന് മൂന്നാമത്തെ രക്ഷാപദ്ധതി അനുവദിക്കാനും യൂറോ മേഖലയില്‍നിന്നുള്ള പുറത്താകല്‍ തടയാനും പര്യാപ്തമാണോ പുതിയ നിര്‍ദേശങ്ങള്‍ എന്നാണ് ധനകാര്യസ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നത സമിതി വിശകലനം ചെയ്യുന്നത്. പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ സാമ്പത്തിക പരിഷ്‌കാര നിര്‍ദേശങ്ങളെ ഗ്രീക്ക് പാര്‍ലിമെന്റ് പാസ്സാക്കിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധനയില്‍ തള്ളിയതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ പദ്ധതി.
ഇത് ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. 3.7 ലക്ഷം കോടി രൂപയുടെ വായ്പയാണ് 2018 വരെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗ്രീസ് ചോദിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 14 ലക്ഷം കോടി രൂപയിലധികം രണ്ട് രക്ഷാപദ്ധതികളിലായി വായ്പാ ദാതാക്കള്‍ ഗ്രീസിന് നല്‍കിയിട്ടുണ്ട്. ഇവ മിക്കതും വായ്പാ തിരിച്ചടവിനാണ് വിനിയോഗിച്ചത്.

Latest