Connect with us

Kerala

വിദേശ റിക്രൂട്ട്‌മെന്റ് നിബന്ധന: ഇളവ് വേണമെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകളെ ദോഷകരമായി ബാധിക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നിബന്ധനയിലും വൈദ്യപരിശോധനാചട്ടത്തിലും ഇളവ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത എം പിമാരുടെ യോഗത്തില്‍ തീരുമാനം. റബ്ബര്‍ വിലത്തകര്‍ച്ച, പ്രകൃതി ക്ഷോഭ ധനസഹായം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കും. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
വൈദ്യപരിശോധനക്കായി മുന്നോട്ടു വെച്ച പുതിയ നിബന്ധന കാരണം കുവൈത്തിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഈ വിഷയം കുവെത്ത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടാക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. ഇതിന് പുറമെ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്കാ റൂട്ട്‌സ്, ഒഡേപെക് തുടങ്ങിയവക്ക് നല്‍കിയിരുന്നു. കൂടാതെ ഇ സി ആര്‍ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സും നിര്‍ബന്ധമാക്കിയിരുന്നു. മേയ് 30 മുതല്‍ ഇത് പ്രാബല്യത്ത് വരികയും ചെയ്തിരുന്നു. ഇതിനാല്‍ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് വിദേശത്ത് ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.
വിസ ലഭിച്ചവര്‍ക്കും അതിന്റെ നടപടികള്‍ പുരോഗമിക്കുന്നവര്‍ക്കും എമിഗ്രേഷന്‍സ് ക്ലിയറന്‍സ് ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തരവ് ഇറക്കിയില്ല. ഇതു സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ട് തന്നെ മേയ് 30ന് മുമ്പായി റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ചര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി എം പിമാരോട് ആവശ്യപ്പെട്ടു.
കുവൈത്ത് ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളിലെ ജോലിക്ക് വിസ ലഭിക്കുന്നതിന് ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ള ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റര്‍ അസോസിയേഷന്‍ ഏജന്‍സി മുഖേനയാണ് നടത്തുന്നത്. ഈ അസോസിയേഷന് സംസ്ഥാനത്തുടനീളം പരിശോധനാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മിതമായ നിരക്കില്‍ പരിശോധന നടത്താമായിരുന്നു. എന്നാല്‍ കുവൈറ്റ് സര്‍ക്കാര്‍ ഈ പ്രവൃത്തി മറ്റൊരു ഏജന്‍സിക്ക് പുറംകരാര്‍ നല്‍കി.
ഈ ഏജന്‍സി അമിതമായി നിരക്കിലാണ് പരിശോധന നടത്തുന്നത്. 3600 രൂപ നല്‍കേണ്ട സ്ഥാനത്ത് 24,000 രൂപ ഉദ്യോഗാര്‍ഥികള്‍ നല്‍കേണ്ടി വരുന്നുണ്ട്. ഏജന്‍സിയുടെ കൊച്ചിയിലുണ്ടായിരുന്ന കേന്ദ്രം മുംബൈയിലേക്ക് മാറ്റിയതോടെ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗം വിലയിരുത്തി. സംസ്ഥാനത്തിന് അനുവദിച്ച റെയില്‍വേ കോച്ച്ഫാക്ടറിയുടെ തുടര്‍നടപടികള്‍ ഒന്നുമായിട്ടില്ല. ഫാക്ടറി ഏത് വിധേനയും സംസ്ഥാനത്തിന് നേടിയെടുക്കുന്നതിനും നടപടി വേണം.