രക്ഷാ പാക്കേജ്: ഗ്രീസ് വിട്ടുവീഴ്ചക്ക്

Posted on: July 11, 2015 5:50 am | Last updated: July 10, 2015 at 11:52 pm

greeceഏഥന്‍സ്: രക്ഷാ പാക്കേജ് അനുവദിക്കുന്നതിന് യൂറോപ്യന്‍ യൂനിയന് മുമ്പാകെ ഗ്രീസ് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. പാക്കേജ് അനുവദിക്കുന്നതിന് അടിച്ചേല്‍പ്പിക്കുന്ന കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹിതപരിശോധനാ ഫലം വന്ന് ദിവസങ്ങള്‍ക്കകമാണ് നിലപാട് മയപ്പെടുത്തി ഗ്രീക്ക് സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത്. പാപ്പര്‍സൂട്ടാകുന്നതില്‍ രക്ഷപ്പെടുന്നതിനും 2018 വരെ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട കടം വീട്ടുന്നതിനുമായി 5900 കോടി ഡോളറിന്റെ രക്ഷാപാക്കേജ് ലഭിക്കാനാണ് ഗ്രീസ് ശ്രമിക്കുന്നത്.
മിതമായ തോതില്‍ നികുതി വര്‍ധനയും പെന്‍ഷന്‍ വെട്ടിക്കുറക്കലും ചെലവ് ചുരുക്കലും പുതിയ നിര്‍ദേശത്തില്‍ ഉണ്ടെന്നാണ് അറിയുന്നത്. നാളെ ബ്രസല്‍സില്‍ യൂറോസോണ്‍ ധനകാര്യ മന്ത്രിമാര്‍ ഗ്രീസ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെ പുതിയ നിര്‍ദേശങ്ങള്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ ഗ്രീക്ക് രേഖയില്‍ ഷിപ്പിംഗ് കമ്പനികളുടെ നികുതി കൂട്ടുമെന്ന് വ്യക്തമാക്കുന്നുണ്ട്. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കും. 2016ഓടെ പ്രതിരോധ ചെലവില്‍ 300 മില്യന്‍ യൂറോയുടെ കുറവ് വരുത്തും. ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കും. തുറമുഖങ്ങളുടെ സ്വകാര്യവത്കരണം ശക്തമാക്കും. നികുതി അവധികള്‍ പൂര്‍ണമായി പിന്‍വലിക്കും തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ രേഖയില്‍ ഉള്ളത്. ഇതോടെ മുന്‍ നിലപാടില്‍ നിന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ഏറെ പിന്നോട്ട് പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇടത് ആഭിമുഖ്യമുള്ള പാര്‍ട്ടി സിരിസയില്‍ നിന്ന് പുതിയ നിലപാടിന് പിന്തുണയുണ്ട്. പാര്‍ലിമെന്റും പുതിയ നിര്‍ദേശങ്ങള്‍ക്ക് അംഗീകരിച്ചു.
നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിട്ടു വീഴ്ച മാത്രമേ പോംവഴിയുള്ളൂ എന്ന വിലയിരുത്തലാണ് ഗ്രീസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാമുള്ളത്. അതിനിടെ ബേങ്കുകള്‍ ഇന്നലെയും അടഞ്ഞു കിടന്നു. എ ടി എമ്മുകള്‍ പരിമിതമായി തുറന്നെങ്കിലും 60 യൂറോ മാത്രമേ ഒരാള്‍ക്ക് പിന്‍വലിക്കാനാകൂ എന്ന നിയന്ത്രണം തുടര്‍ന്നു. രണ്ടാമത്തെ രക്ഷാ പാക്കേജിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. ഐ എം എഫും യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ അംഗീകരിക്കാതെ രക്ഷാപാക്കേജില്ലെന്ന നിലപാടില്‍ ഇ യു, പ്രത്യേകിച്ച് ജര്‍മനി ഉറച്ച് നില്‍ക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്നും നാളെയുമായി ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഗ്രീസിന്റെ നില പരുങ്ങലിലാകും. ഗ്രീസ് യൂറോ സോണില്‍ നിന്ന് പുറത്ത് കടക്കുന്ന സ്ഥിതിയുമുണ്ടാകാം. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നുവെന്ന് വേണം വിലയിരുത്താന്‍. ജര്‍മനിയാകും ഇത്തവണയും കടുംപിടിത്തം തുടരുക. അതേസമയം, പുതിയ രേഖ സിപ്രാസിന്റെ ജനസമ്മിതി കുത്തനെ ഇടിക്കുമെന്നും വിലയിരുത്തലുണ്ട്. ഹിതപരിശോധനയില്‍ തള്ളിയ പല നിബന്ധനകളും അംഗീകരിക്കുന്നതാണ് പുതിയ രേഖയെന്നത് തന്നെയാണ് കാരണം.