ഡി വൈ എഫ് ഐ രണ്ടായിരം കേന്ദ്രങ്ങളില്‍ അക്ഷരദീപം തെളിയിക്കും

Posted on: July 11, 2015 4:27 am | Last updated: July 10, 2015 at 11:47 pm

dyfiകണ്ണൂര്‍: പാഠപുസ്തകം ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചെ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രണ്ടായിരം കേന്ദ്രങ്ങളില്‍ അക്ഷരദീപം തെളിയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ലഭിക്കാത്ത പാഠപുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഒരു ബെഞ്ചില്‍ ഒന്ന് എന്ന രീതിയിലാണ് കോപ്പി എത്തിക്കുക. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തെ എങ്ങിനെ തകര്‍ക്കാമെന്ന് ഗവേഷണം നടത്തുകയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബെന്ന് ടി വി രാജേഷ് ചൂണ്ടിക്കാട്ടി.
പാഠ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിലും വിതരണത്തിലും വകുപ്പുകളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഗുരുതരമായ അനാസ്ഥയാണിത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തെ മന്ത്രി നിസ്സാരവത്ക്കരിക്കുകയാണ്. ഇതിന്റെ പേരിലുള്ള സമരങ്ങളോട് സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് കാണുന്നത്. മുഖ്യമന്ത്രി തന്നെ പോലീസിന് പ്രകോപനം സൃഷ്ടിക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. പോലീസ് അക്രമത്തില്‍ തലക്ക് മാത്രം പരുക്കേറ്റവരുടെ എണ്ണം 68 ആണ്. സമരങ്ങളെ ചോരയില്‍ മുക്കി അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58 ആയി വര്‍ധിപ്പിക്കണമെന്ന ശമ്പള കമ്മീഷന്‍ ശിപാര്‍ശ അപ്രായോഗികമാണെന്നും സര്‍ക്കാര്‍ ഈ നിര്‍ദേശം തള്ളണമെന്നും ടി വി രാജേഷ് ആവശ്യപ്പെട്ടു. എയിഡഡ് സ്‌കൂളികള്‍ക്ക് അധ്യാപക പാക്കേജ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഡൈ്വസ് മെമ്മോ നല്‍കി മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ സ്‌കൂളികളില്‍ നിയമനം നടക്കുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ പങ്കെടുത്തു.