ബാര്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍

Posted on: July 10, 2015 7:59 pm | Last updated: July 11, 2015 at 12:14 am

mukul rothagiന്യൂഡല്‍ഹി/തിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് അറ്റോര്‍ണി ജനറല്‍. ബാറുകള്‍ അടച്ചു പൂട്ടിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ക്കു വേണ്ടിയാണ് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായത്. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നതായി എ ജി സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ കൂടുതല്‍ വാദം അവതരിപ്പിക്കാനുണ്ടെന്ന് അറിയിച്ചതോടെ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ച് അടുത്ത മാസം 28ലേക്ക് മാറ്റി.
മദ്യ ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്താണ് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരായ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ ഹാജരായത്. സംഭവം വാര്‍ത്തയായതോടെ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരുന്നതായി എ ജിയുടെ ഓഫീസ് അറിയിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്നതില്‍ അപാകമില്ലെന്നാണ് നിലപാട്. നേരത്തെയും ബാറുടമകള്‍ക്കു വേണ്ടി മുകുള്‍ റോത്തഗി ഹാജരായിട്ടുണ്ടെങ്കിലും എ ജിയായി ചുമതലയേറ്റ ശേഷം ഹാജരാകുന്നത് ആദ്യമായാണ്.
അതേസമയം, ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായ നടപടി അധാര്‍മികമാണെന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.