ഇന്തോനേഷ്യക്ക് ഡിമാന്റ് കുറഞ്ഞു; ഇത്തവണ മുന്നില്‍ ഒമാന്‍ തൊപ്പി

  Posted on: July 10, 2015 3:24 pm | Last updated: July 10, 2015 at 3:24 pm
  SHARE

  capകോഴിക്കോട്: റമസാന്‍ പുണ്യവുമായി വിശ്വാസികളെ അണിയിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊപ്പിയെത്തി. എല്ലാ മേഖലയിലുമുള്ള ആധിപത്യം തൊപ്പിയുടെ കാര്യത്തിലും കഴിഞ്ഞ റമസാന്‍ വരെ ചൈനക്കുണ്ടായിരുന്നു. വിവിധ നിറത്തിലും തുണിയിലുമുള്ള ചൈനാ തൊപ്പികള്‍ ഏറെ പേരെ ആകര്‍ഷിച്ചിരുന്നു. വിലക്കുറവും ആകര്‍ഷണീയതയും തന്നെയായിരുന്നു ഇവയുടെ പ്രത്യേകത.
  കൂടാതെ ഇന്തോനേഷ്യന്‍ തൊപ്പികള്‍ക്കായിരുന്നു കഴിഞ്ഞ തവണ ഡിമാന്റ്. എന്നാല്‍ ഇത്തവണ ഇവരെയൊക്കെ പിന്തള്ളി ഒമാന്‍ സ്‌പെഷ്യല്‍ തൊപ്പികളാണ് റമസാന്‍ നാളുകളില്‍ വിശ്വാസികളെ ഏറെ ആകര്‍ഷിക്കുന്നത്. 300 രൂപയാണ് ഇതിന്റെ വില. എല്ലാ വിഭാഗം ആളുകളേയും ഈ തൊപ്പി ആകര്‍ഷിക്കുന്നുണ്ട്.
  ഇന്തോനേഷ്യന്‍ തൊപ്പികള്‍ക്ക് 40 രൂപയും വിവിധ തരത്തിലുള്ള ചൈന തൊപ്പികള്‍ക്ക് 70 രൂപയുമാണ് വില. തുണികളുടെ സ്വഭാവത്തിനനുസരിച്ച് വിലയിലും വിത്യാസമുണ്ടാകും. വിപണിയില്‍ 300 രൂപ വിലയുള്ള ഒമാന്‍ തൊപ്പികള്‍ തന്നെയാണ് മുന്നില്‍. ഇരുപതു രൂപ വിലയുള്ള മക്ക പ്ലൈന്‍ തൊപ്പിക്കാണ് ശരാശരി ആവശ്യക്കാരെത്തുന്നത്. ജിന്ന തൊപ്പി, തുര്‍ക്കി തൊപ്പി എന്നിവക്കും ആവശ്യക്കാരുണ്ട്. വി വി ഐ പി ഗണത്തില്‍പെടുന്ന ഇവക്ക് നൂറു രൂപ മുതലാണ് വില. മസ്ജിദുകളിലും മറ്റും ഉപയോഗിക്കുന്ന പായതൊപ്പി, പ്ലാസ്റ്റിക്ക് തൊപ്പി എന്നിവക്ക് ഒന്നിച്ചാണ് ഓര്‍ഡര്‍ ലഭിക്കുന്നത്.
  ബംഗ്ലാദേശ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള തൊപ്പികള്‍ എത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തൊപ്പിയും സുലഭമായി വിപണിയിലുണ്ട്. എന്നാല്‍ വിദേശിയോടാണ് ആവശ്യക്കാര്‍ക്ക് പ്രിയമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തൊപ്പിക്കൊപ്പം വിവിധ തരത്തിലുള്ള തലപ്പാവ്, തസ്ബീഹ് മാല എന്നിവയും റമസാന്‍ വിപണിയിലെത്തിയിട്ടുണ്ട്.