ഐ എസ് ആര്‍ ഒ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Posted on: July 10, 2015 6:02 am | Last updated: July 10, 2015 at 12:02 am

തൃശൂര്‍: ഐ എസ് ആര്‍ ഒ ജീവനക്കാരനായിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൊല്ലമാംവിള ക്രസ്തുദാസിന്റെ മകന്‍ സി ആര്‍ ഇമ്മാനുവല്‍ദാസിനെ (41) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവിനും പതിനായിരം രൂപ വീതം പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. മലപ്പുറം പറപ്പൂര്‍ കുണ്ടില്‍ സജീഷ്(26), വയനാട് കേളമംഗലം താമസക്കാരനായ ഇരട്ടയനിക്കല്‍ ലിജോ ജോയ് (ജോസഫ്-25) എന്നിവരെയാണ് തൃശൂര്‍ നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. 302 വകുപ്പനുസരിച്ച് കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവിനും പതിനായിരം രൂപയും, 394 വകുപ്പനുസരിച്ച് കവര്‍ച്ചയില്‍ 10 വര്‍ഷം വീതം കഠിന തടവും, പതിനായിരം രൂപ പിഴയും എന്നിങ്ങനെ വെവ്വേറെയാണ് ശിക്ഷിച്ചതെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം.
2011 നവംബര്‍ 22ന് ഇരിങ്ങാലക്കുട ഠാണാവിലെ സ്വകാര്യ ലോഡ്ജില്‍ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു ഇമ്മാനുവല്‍ദാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ധരിച്ചിരുന്ന സ്വര്‍ണച്ചെയിന്‍, വാച്ച്, മൊബൈല്‍ ഫോണ്‍, പണം എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തി. ഇമ്മാനുവല്‍ദാസ് സഹപ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ ട്രയിനില്‍ വെച്ച് പരിചയപ്പെട്ടവരായിരുന്നു സജീഷും ലിജോ ജോയും. പരിചയത്തെ തുടര്‍ന്ന് ജോലി നഷ്ടമായെന്നും ഒരു ജോലി തരപ്പെടുത്തി കൊടുക്കണമെന്നുള്ള പ്രതികളുടെ ആവശ്യത്തില്‍ ഇരിങ്ങാലക്കുടയിലെ സുഹൃത്തിനെ പരിചയപ്പെടുത്താമെന്ന് ഉമ്മാനുവല്‍ദാസ് അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ മൂവ്വരും ഇറങ്ങി ലോഡ്ജില്‍ താമസിച്ചു. അന്ന് വെളുപ്പിന് ഇരുവരും ചേര്‍ന്ന് തോര്‍ത്ത്മുണ്ട് കൊണ്ട് കൈകള്‍ പിറകിലേക്ക് വരിഞ്ഞു കെട്ടി,പ്ലാസ്റ്റിക് കയറ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും വാച്ചുമെല്ലാം കവരുകയായിരുന്നു.
ലോഡ്ജിലെ വാച്ച്മാനായിരുന്ന ഒന്നാം സാക്ഷി രാമകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വയനാട് കല്‍പ്പറ്റയിലുള്ള ഒരു ലോഡ്ജില്‍ വെച്ച് ഇവരെ കണ്ടെത്തി. രാമകൃഷ്ണനെ എത്തിച്ച് ഇവരാണെന്ന് സ്ഥിരീകരിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ കൊലപാതകത്തിന് മുമ്പ് കേസിലെ ഒന്നാം പ്രതി സജീഷിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് ഇമ്മാനുവല്‍ദാസിന്റെ ഫോണിലേക്ക് നാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ എത്തിയിരുന്നതാണ് കേസില്‍ നിര്‍ണായകമായത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കേസില്‍ 32 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകളും 41 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഇരിങ്ങാലക്കുട സി ഐ എം. സുരേന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനുവര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവരും ഹാജരായി.