സി പി എമ്മും ബി ജെ പിയും നാണയത്തിന്റെ ഇരുവശങ്ങള്‍: വി എം സുധീരന്‍

Posted on: July 10, 2015 6:00 am | Last updated: July 9, 2015 at 11:51 pm

തിരുവനന്തപുരം: സി പി എമ്മും ബി ജെ പിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഇരുപാര്‍ട്ടികളും കോണ്‍ഗ്രസിന്റെ ശത്രുക്കളാണെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തെയും ബി ജെ പിയുടെ വര്‍ഗീയവത്ക്കരണത്തെയും കോണ്‍ഗ്രസ് എക്കാലവും എതിര്‍ക്കും. കോണ്‍ഗ്രസിനെ അന്ധമായി എതിര്‍ക്കാന്‍ അവര്‍ തമ്മില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒന്നിക്കുന്ന പലഘട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും കെ പി സി സി യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയിട്ടും സി പിഎം പാഠം പഠിക്കാന്‍ തയാറാകുന്നില്ല. ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ളതല്ലെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് സി പി എം നടത്തിയ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും അവര്‍ അക്രമ രാഷ്ട്രീയം തുടരുകയാണ്. ബോംബ് നിര്‍മാണത്തിനിടെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദികളായവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ ശിക്ഷ കണക്കിലെടുത്ത് അക്രമരാഷ്ട്രീയത്തില്‍ നിന്ന് അവന്‍ പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.