ഭൂമി തട്ടിപ്പ്: എഎപി എംഎല്‍എ അറസ്റ്റില്‍

Posted on: July 9, 2015 9:53 pm | Last updated: July 12, 2015 at 12:27 am

aap mla arrested at delhi
ന്യൂഡല്‍ഹി: വ്യാജരേഖയുണ്ടായി ഭൂമി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ എം എല്‍ എ അറസ്റ്റില്‍. കൊണ്ടി മണ്ഡലത്തില്‍ നിന്നുള്ള മനോജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മനോജ് കുമാറിനെ ചോദ്യം ചെയ്തുവരികയാണ്. കബളിപ്പിക്കല്‍ ഉള്‍പ്പെടെ വേറെയും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

തനിക്ക് ഉടമസ്ഥാവകാശമില്ലാത്ത ഭൂമി വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്താന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. അതേസമയം, എഎപി സര്‍ക്കാറിനോടുള്ള വിരോധം തീര്‍ക്കാന്‍ ഒരു വര്‍ഷം മുമ്പത്തെ എഫ് ഐ ആര്‍ പൊടിതട്ടിയെടുക്കുകയാണ് ഡല്‍ഹി പോലീസെന്ന് മനോജ്കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് ബി ജെ പി ഡല്‍ഹിയില്‍ ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു.